
തിരുവനന്തപുരം: പതിന്നാലു വർഷമായി ജയിലിൽ കഴിയുന്ന തന്റെ സഹോദരൻ ലോകപ്രശസ്ത ഫാഷൻ ഡിസൈനർ ആനന്ദ് ജോണിനെ തിരികെ കൊണ്ടുവരാനാകുമെന്നും അതിന് പിന്തുണ നൽകണമെന്നും ഫാഷൻ ഡിസൈനറും മോട്ടിവേഷണൽ സ്പീക്കറുമായ സഞ്ജന ജോൺ പറഞ്ഞു. ബാലരാമപുരം കൈത്തറിയെ ലോകപ്രശസ്തിയിലേക്ക് എത്തിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു സഞ്ജന. ''ഫാഷൻരംഗത്ത് എന്റെ ഗുരുവും വഴികാട്ടിയും സുഹൃത്തുമെല്ലാമാണ് ആനന്ദ്. ഇന്ന് കൈത്തറിയെ ഓസ്കാർ വേദിയിലെത്തിക്കാൻ ഞാൻ ശ്രമിക്കും എന്ന് പറയുമ്പോൾ ഇൗ സ്ഥാനത്ത് ആനന്ദായിരുന്നെങ്കിൽ 'യെസ്' എന്ന് പറഞ്ഞേനെ. കാരണം ആനന്ദ് പല ഓസ്കാർ താരങ്ങൾക്കും വസ്ത്രം ഒരുക്കിയിട്ടുണ്ട്. 25-ാം വയസിൽ ലോകത്തിലെ അറിയപ്പെടുന്ന 5 പേരിൽ ഒരാളായിരുന്നു ആനന്ദ്. ആ പ്രചോദനം തന്നെയാണ് ഇന്നും എന്നെ മുന്നോട്ട് നയിക്കുന്നത്. ആനന്ദ് ചെയ്തതിന്റെ ചെറിയൊരു ശതമാനം മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. എല്ലാം എത്രയും വേഗം ശരിയാകാനായി കാത്തിരിക്കുകയാണ്""- സഞ്ജന പറഞ്ഞു.
ബാലരാമപുരത്തെ കൈത്തറിക്കാരുടെ പ്രവർത്തന രീതി ഡോക്യുമെന്റ് ചെയ്യുന്നതിനൊപ്പം ഓസ്‌കാറിൽ അവതരിപ്പിക്കാനും പ്രദർശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഓസ്‌കാർ വേദിയിലെത്തുന്നവരുടെ രാജ്യങ്ങളിലും നമ്മുടെ കൈത്തറിക്ക് വിപണന സാദ്ധ്യത ഉണ്ടാകും.
വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന മേഖലയാണ് സിനിമയും ക്രിക്കറ്റും. ആ മേഖലയിലെ താരങ്ങളെയാണ് പുതിയ തലമുറ ഉറ്റുനോക്കുന്നത്. അവരിലേക്ക് കൈത്തറി എത്തിക്കുന്നതോടൊപ്പം യാത്രയ്ക്കും ജോലിക്കും സൗകര്യപ്രദമായ രീതിയിലേക്ക് കൈത്തറിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്നും സഞ്ജന പറഞ്ഞു.