ponnumthuruthu

തിരുവനന്തപുരം:കൊലക്കേസ് പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ ഒട്ടകം രാജേഷ് ഒളിച്ചിരുന്നുവെന്ന് കരുതുന്ന പൊന്നും തുരുത്ത് ചരിത്ര പ്രാധാന്യമുള്ള സ്ഥലം.

അകത്തുമുറി , അഞ്ചുതെങ്ങ് കായൽ നെട്ടായത്തിൽ നാലുവശവും കായലിനാൽ ചുറ്റപ്പെട്ട ചെറിയ ദ്വീപാണെങ്കിലും സന്ദർശകരുടെ മനസ്സുകുളിർപ്പിക്കുന്ന കാഴ്ചകളാണ് പ്രകൃതിയൊരുക്കിയിരിക്കുന്നത്.

അഞ്ചുതെങ്ങ് കായലിലൂടെയാണ് യാത്ര. സൂര്യാസ്തമയവും പ്രകൃതിശോഭയും ആസ്വദിക്കാനെത്തുന്നവർക്ക് പ്രിയതരം.

ശിവ-പാർവതിമാർക്കും മഹാവിഷ്ണുവിനും ഒരുപോലെ പ്രാധാന്യമുള്ളതാണ് തുരുത്തിലെ ക്ഷേത്രം. പൊന്നുംതുരുത്ത് എന്ന പേരിനു പിന്നിൽ പല കഥകളും പ്രചരിക്കുന്നുണ്ട്.

തിരുവിതാംകൂർ രാജവംശത്തിലെ റാണിമാരുടെ സ്വർണവും വിലപിടിപ്പുള്ള ആഭരണങ്ങളും ഇൗ ക്ഷേത്രത്തിന് സമീപം ഒളിപ്പിച്ചിരുന്നു എന്നാണ് ഐതിഹ്യം. അങ്ങനെ പൊന്നു കാത്തു സൂക്ഷിച്ചയിടം പിന്നീട് പൊന്നുംതുരുത്തായി.

വക്കം പണയിൽക്കടവിൽ നിന്നോ നെടുങ്ങണ്ടയിൽനിന്നോ വഞ്ചിയിൽ കയറിവേണം പൊന്നുംതുരുത്തിലെത്താൻ. നെടുങ്ങണ്ടയിൽനിന്ന് തുരുത്തിലെത്താൻ ക്ഷേത്രംവക വഞ്ചിയുണ്ട്.തിരുവിതാംകൂർ രാജകൊട്ടാരംവകയായ ഇവിടം ഇപ്പോൾ കാടും കണ്ടലും നിറഞ്ഞ് വനസമാനമായ നിലയിലാണ്. ആൾ താമസമില്ലെങ്കിലും കായലോരത്ത് താമസിക്കുന്നവരാണ് ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നത്. വിജനസ്ഥലമായതിനാൽ പുറത്ത് നിന്നെത്തി ഒളിച്ചുതാമസിക്കാൻ ക്രിമിനലുകൾ സുരക്ഷിത താവളമാക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. കൂട്ടാളികളെ പൊലീസ് പിടികൂടിയതോടെ സുരക്ഷിത സ്ഥാനമെന്ന നിലയിലാകാം ഒട്ടകം രാജേഷും പൊന്നുംതുരുത്തിൽ അഭയം തേടിയത്. രാജേഷ് ഇവിടെയുളളതായ സൂചനയിലാണ് പൊലീസ് എത്തിയതെങ്കിലും അപകടമുണ്ടായതോടെ തെരച്ചിൽ നടത്താൻ കഴി‌ഞ്ഞില്ല.