
കഴക്കൂട്ടം: അമ്പലത്തിൻകരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ നെട്ടയിക്കോണം വാറുവിളാകം പുതുവൽ പുത്തൻവീട്ടിൽ സതി എന്ന സതീഷ് (40), നെട്ടയിക്കോണം വാറുവിളാകം പുതുവൽ പുത്തൻവീട്ടിൽ കുടുക്ക രതീഷ് എന്ന രതീഷ് (38), നെട്ടയിക്കോണം കൊച്ചുകുന്നുംപുറത്ത് വീട്ടിൽ അഖിൽ (29) എന്നിവരെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്‌തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.
കഴക്കൂട്ടം നെട്ടയിൽകോണം അരുൺ നിവാസിൽ അഖിലിനെ മുള്ളുവിള റോഡിൽവച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഹരി. സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐ മിഥുൻ, സി.പി.ഒമാരായ സജാദ്ഖാൻ, നസിമുദ്ദീൻ, ശ്യാം, ബിനു, അരുൺ എന്നിവരടങ്ങിയ സംഘം കൊല്ലം കടയ്ക്കലിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കഴക്കൂട്ടം,തുമ്പ,തിരൂരങ്ങാടി തുടങ്ങിയ സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇവരെ റിമാൻഡ് ചെയ്‌തു.