dec19a

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ നിർമ്മിച്ച സ്നേഹവീട് നിർധനയ്ക്ക് സമ്മാനിച്ചു. ഇടയ്ക്കോട് വിളയിൽ വീട്ടിൽ ഷീലയ്ക്കാണ് വീട് നിർമ്മിച്ചു നൽകിയത്. അംഗവൈകല്ല്യമുള്ള ഷീലയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകളും മാനസിക പ്രശ്നമുള്ള അച്ഛനുമാണുള്ളത്. ഇവർ താമസിച്ചിരുന്നത് പ്രാഥമിക ആവശ്യങ്ങൾക്കു പോലും സൗകര്യമില്ലാത്ത തകർന്നു വീഴാറായ ഒരു കെട്ടിടത്തിലായിരുന്നു.

കുടുംബശ്രീ അംഗങ്ങളുടെ ഭവന സന്ദർശനത്തിനിടയിലാണ് ഷീലയുടെ ദുരിത ജീവിതം മനസ്സിലാക്കിയത്. അന്നുതന്നെ കുടുംബശ്രീ അംഗങ്ങൾ ഷീലയ്ക്ക് വീട് ഒരുക്കിനൽകാൻ തീരുമാനിക്കുകയായിരുന്നു.

താക്കോൽദാന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ ഉദ്ഘാടനം ചെയ്തു. മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു വീടിന്റെ താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് ശ്രീജ,​ ദീപാറാണി,​ നന്ദുരാജ്,​ അനിൽകുമാർ,​ മനോജ്,​ ലീലാമ്മ,​ ബിന്ദു ,​ ഷൈനി എന്നിവർ പങ്കെടുത്തു.