കുറ്റിച്ചൽ: നവീകരണങ്ങളും പുതിയ വികസന പദ്ധതികളുമില്ലാതെ കുറ്റിച്ചൽ പഞ്ചായത്ത് വികസന മുരടിപ്പില്ലെന്ന് പരാതി.

പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ആനപ്പാർക്കിലേക്ക് ജീവൻ പണയം വച്ചു മാത്രമേ സഞ്ചാരികൾക്ക് എത്താനാകൂ. കാവടിമൂല മുതൽ ആനപ്പാർക്ക് വരെ റോഡ് ഇല്ലെന്ന് തന്നെ പറയാം. കുമ്പിൽമൂട് പാലം അപകടവസ്ഥയിലായി മാസങ്ങളായിട്ടും പുനരുദ്ധരിച്ചിട്ടില്ല. പാലത്തിന് അടിഭാഗത്തെ മണ്ണ് കഴിഞ്ഞ മഴയത്ത് ഒലിച്ചു പോയിരുന്നു. കുഴിയിൽ നാട്ടുകാർ മെറ്റൽ വാരി ഇട്ടതല്ലാതെ പൊതുമരാമത്ത് യാതൊന്നും ചെയ്തില്ല. തുടങ്ങീ നിരവധി പരാതികളാണ് പുതിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ നാട്ടുകാർ ആരോപിക്കുന്നത്.

കോട്ടൂർ ആയുർവേദാശുപത്രി റോഡ്‌ തകർന്നു തരിപ്പണമായി. കാൽനടയാത്രാക്കാർ പോലും അപകടത്തിലാകുന്നത് നിത്യസംഭവമാണിപ്പോൾ. ആശുപത്രിയുമായി ചേർന്ന് കൂറ്റൻ മരങ്ങൾ അപകടസാദ്ധ്യതയിൽ നിൽക്കുന്നുണ്ട്. ഇക്കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇതേവരെ ഫലം കണ്ടിട്ടില്ല. മരം മുറിക്കാനായി പഞ്ചായത്ത് വനം വകുപ്പിന് കത്തയച്ച് കാത്തിരിക്കുകയാണ്.
അതുപോലെ കോട്ടൂർ വ്ലാവെട്ടി വഴി മാൻപാർക്കിലേക്കും, നെയ്യാർഡാമിലേക്കും പോകുന്ന വ്ലാവെട്ടി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ടു കാലങ്ങളായി. കിക്മാ കോളേജിലെ ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും ഈ റോഡാണ് ആശ്രയിക്കുന്നത്. സാമ്പത്തിക വർഷം തീരാൻ രണ്ട്‌ മാസം മാത്രമേ ഇനി ബാക്കിയുള്ളൂ. അതിന് മുൻപ് റോഡുകളെങ്കിലും നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പഞ്ചായത്തിനെതിരെ ജനങ്ങൾ

ഉന്നയിക്കുന്ന പരാതികൾ

നല്ല റോഡുകളില്ല; ഉള്ളവയെല്ലാം തകർന്നു തരിപ്പണമായി

തെരുവ് വിളക്കുകൾ കത്തുന്നില്ല

റോഡുകളിൽ ഓടകളില്ല; മഴവെള്ളം കെട്ടിക്കിടക്കുന്നു

കോട്ടൂർ ചിലന്തി കുഴിയിലെ പൊതുശ്മശാനം പേപ്പറിൽ ഒതുങ്ങി

കള്ളിയൽ വാർഡിലെ വൃദ്ധ സദനം അടിസ്ഥാനം കെട്ടിൽ ഒതുങ്ങി

ഫലം കാണാതെ കുടിവെള്ള പദ്ധതികൾ

കോട്ടൂർ ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് തകർന്നിട്ടും നവീകരിക്കുന്നില്ല

അക്ഷയകേന്ദ്രം പോലുമില്ല

അഞ്ച് വാർഡുകളുടെ സംഗമകേന്ദ്രമാണ് കോട്ടൂർ. എന്നാൽ ഇവിടെ ആളുകൾക്ക് ഉപയോഗപ്രദമായ ഒരു അക്ഷയ കേന്ദ്രമില്ല. വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന അക്ഷയാകേന്ദ്രം സ്വകാര്യ വ്യക്തി അടച്ചു പൂട്ടിയിട്ടും പഞ്ചായത്ത് അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആദിവാസികൾ ഉൾപ്പെടെ നിരവധി പേരാണ് വിവിധ സർട്ടിഫിക്കറ്റുകൾക്കായി കുറ്റിച്ചൽ എത്തുന്നത്.

റോഡ് കൈയേറ്റവും

പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ റോഡ് കൈയേറി ഗതാഗതം തടസപ്പെടുത്തിയിട്ടും ഭരണസമിതി മിണ്ടുന്നില്ല. കോട്ടൂർ റോഡിൽ പച്ചക്കാട്, ചപ്പാത്ത്, വാഴപ്പള്ളി, എലിമല ഭാഗങ്ങളിലാണ് റോഡ് കൈയേറി വാഴ, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നത്.