തിരുവനന്തപുരം: തുടർഭരണം കിട്ടിയതോടെ മുഖ്യമന്ത്രി കേരളത്തെ പോപ്പുലർ ഫ്രണ്ടിന് തീറെഴുതിക്കൊടുത്തെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആരോപിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.വി. രാജേഷ്.
ഒന്നുകിൽ രാഷ്ട്രീയ പ്രവർത്തകർ പോപ്പുലർഫ്രണ്ടിന് അടിമപ്പെട്ടു ജീവിക്കുക, അല്ലെങ്കിൽ മരിക്കുക എന്ന നയത്തിലാണ് സംസ്ഥാന സർക്കാർ. അഞ്ചു കൊലപാതകങ്ങളാണ് പിണറായി സർക്കാരിന്റെ കീഴിൽ തീവ്രവാദികൾ നടത്തിയത്. സി.പി.എമ്മിന്റെ എൺപത് ശതമാനവും പോപ്പുലർ ഫ്രണ്ട് വിഴുങ്ങിക്കഴിഞ്ഞു. അതുകൊണ്ടാണ് ഇവരെപ്പറ്റി സി.പി.എം ഒന്നും പറയാത്തത്. പൊലീസിൽ നുഴഞ്ഞുകയറിയ തീവ്രവാദികൾ വിവരങ്ങൾ കൈമാറുകയാണെന്നും വി.വി. രാജേഷ് ആരോപിച്ചു.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ, ബി.ജെ.പി നേതാക്കളായ മലയിൻകീഴ് രാധാകൃഷ്ണൻ, സിമി ജ്യോതിഷ്, പൂന്തുറ ശ്രീകുമാർ, തിരുമല അനിൽ, മുളയറ രതീഷ്, അഡ്വ. ഗിരികുമാർ, യുവമോർച്ച സംസ്ഥാന സെക്രട്ടറി മനു, ജില്ലാ പ്രസിഡന്റ് സജിത്ത്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലംകത്തിച്ചു.