
പാലോട്: അനധികൃതമായി വൈഡൂര്യഖനനം നടന്ന ബ്രൈമൂർ വനമേഖലയിലെ മണച്ചാല ഡി.കെ മുരളി എം.എൽ.എ സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പഴുതുകളില്ലാത്ത അന്വേഷണം നടക്കണമെന്നും പ്രകൃതിചൂഷകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. പാലോട് റേഞ്ച് ഓഫീസർ അജിത്തും മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥരും എം.എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ഈ മാസം 7നാണ് മണച്ചാലയിൽ വൈഡൂര്യ ഖനനം നടന്നതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്തു നിന്ന് 62 ഡിറ്റനേറ്ററുകൾ, 43 ടിൻ പശ, വലിയ ചുറ്റികകൾ, വെള്ളം വറ്റിക്കുന്നതിനായുള്ള മോട്ടോറുകൾ, കമ്പിപ്പാര, ടാർപ്പോളിൻ ഷീറ്റുകൾ എന്നിവയും കണ്ടെത്തി. ഇവയെക്കുറിച്ചുള്ള അന്വേഷണം പാലോട് പൊലീസാണ് നടത്തുന്നത്. ഇവർക്കും സംഭവത്തിൽ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.