വിഴിഞ്ഞം: പാർക്ക് ചെയ്ത വാഹനം തുറന്ന് മൊബൈൽ ഫോണും ബില്ലുകളും മോഷ്ടിച്ചു. ഇന്നലെ പുലർച്ചേ വെങ്ങാനൂർ ജംഗ്ഷനിലാണ് സംഭവം. രാജ്യാന്തര തുറമുഖ നിർമാണ കമ്പനിയായ അദാനി പോർട്സിലെ ജീവനക്കാർക്ക് വേണ്ടി കരാറടിസ്ഥാനത്തിൽ ഓടുന്ന വഹനത്തിൽ നിന്നുമാണ് മൊബൈൽ ഫോൺ കവർന്നത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഡീസൽ തീർന്നതിനെ തുടർന്ന് വെങ്ങാനൂരിൽ കാർ നിറുത്തിയിട്ടശേഷം ഡ്രൈവർ അഖിൽ സീറ്റിൽ വിശ്രമിക്കുകയായിരുന്നു. രണ്ട് യുവാക്കൾ കാറിന് സമീപമെത്തി പരിസരം നിരീക്ഷിച്ചശേഷം ഡോർ തുറന്ന് മൊബൈൽ ഫോൺ മോഷണം നടത്തുന്ന ദൃശ്യം സമീപത്തെ കടയുടെ സി.സി ടിവിയിൽ നിന്ന് ലഭിച്ചു. നല്ല ഉറക്കത്തിലായിരുന്നതിനാൽ ഡോർ തുറന്നത് ഡ്രൈവർ അറിഞ്ഞില്ല.
ഡോർ അടച്ചപ്പോൾ ശബ്‍ദം കേട്ട് ഉണർന്നപ്പോൾ രണ്ടു യുവാക്കൾ ഓടിപോകുന്നതാണ് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു. ഒരു മാസം ആയതേയുള്ളൂ ജോലിക്കു കയറിയിട്ടെന്നും ഡീസൽ അടിച്ച ബില്ലുകൾ നഷപ്പെട്ടതോടെ ജോലിയും നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്നും അഖിൽ പറഞ്ഞു. ഫോണും ബില്ലുകളും സൂക്ഷിച്ചിരുന്ന കവറോടെയാണ് മോഷണം പോയത്. വിഴിഞ്ഞം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.