dec19e

ആറ്റിങ്ങൽ: പോത്തൻകോട് കൊലപാതകക്കേസിലെ രണ്ടാം പ്രതിയായ ഒട്ടകം രാജേഷിനെ പിടികൂടാനുള്ള യാത്രയ്ക്കിടെ കായലിൽ വള്ളം മറിഞ്ഞ് ജീവൻ നഷ്ടപ്പെട്ട പൊലീസുകാരന് ആറ്റിങ്ങൽ പൊലീസ് സേന ആദരവ് അർപ്പിച്ചു. തിരുവനന്തപുരം എസ്.എ.പി ബറ്റാലിയനിലെ കോൺസ്റ്റബിൾ ആലപ്പുഴ പുന്നപ്ര ആലിശ്ശേരി കാർത്തിക വീട്ടിൽ ബാലുവാണ് (27)​ ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം ബാലുവിന്റെ ജന്മനാട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വച്ച് ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ആദരവ് അർപ്പിച്ചത്. മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചും സല്യൂട്ട് നൽകിയുമാണ് ആറ്റിങ്ങലിലെ പൊലീസുകാർ സഹപ്രവർത്തകന് അന്തിമോപചാരം അർപ്പിച്ചത്.