നെടുമങ്ങാട്: ന്യൂജൻ ലഹരിമരുന്നുകളുടെയും കഞ്ചാവിന്റെയും കൈമാറ്റവും ഉപയോഗവും മലയോര മേഖലയിൽ വ്യാപകമാകുന്നു. 20 വയസിൽ താഴെയുള്ളവരാണ് ലഹരിക്ക് അടിമകളാകുന്നത്. രക്ഷിതാക്കളുടെയും പൊതുപ്രവർത്തകരുടെയും ഇടപെടലും സമ്മർദ്ദവും നിമിത്തം കേസിൽപ്പെടാതെ രക്ഷപ്പെടുന്ന ഇവർ നിരവധി ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായാണ് എക്സൈസും പൊലീസും ചൂണ്ടിക്കാട്ടുന്നത്. കഞ്ചാവ്, എക്സ്റ്റസി എന്ന് ഓമനപ്പേരുള്ള എം.ഡി.എം.എ (മെത്തലിൻ ഡയോക്സി മെത്തഫെറ്റാമിൻ), മാജിക് മഷ്‌റൂം എന്ന കൂൺ, മരിജുവാന, എൽ.എസ്.ഡി എന്നീ കടുത്ത ലഹരികളാണ് വ്യാപകമാകുന്നത്. കോളേജ് തലത്തിലുള്ള പെൺകുട്ടികളിലും മാരകമായ ലഹരി ഉപഭോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ വേദനാസംഹാരികളും ചിലതരം പശകളും തൂവാലയിൽ ഒഴിച്ച് മണത്താണ് കുട്ടികൾ ലഹരി അനുഭവിക്കുന്നത്. ഇത് പോരാതെ മാരക ലഹരി വസ്തുക്കളിലേക്ക് കടക്കുകയാണ് പതിവ്. എം.ഡി.എം.എ ഒരു തരി ഉപയോഗിച്ചാൽ തന്നെ തലച്ചോറിന്റെ പ്രവർത്തനം താളം തെറ്റുകയും പ്രത്യേക മാനസികാവസ്ഥയിലെത്തുകയും ചെയ്യും. 24 മണിക്കൂറുകളോളം ലഹരി നിലനിൽക്കും. പാർട്ടി ഡ്രഗ് എന്നപേരിലും അറിയപ്പെടുന്നു. ബംഗളൂരുവിൽ പഠനത്തിനും ജോലിക്കും പോയിവരുന്ന ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെടുമങ്ങാട്, ആര്യനാട്, വാമനപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ പരിധിയിൽ പതിനഞ്ചോളം കൗമാരക്കാരെ ഡി - അഡിക്ഷൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുള്ളതായി സൂചനയുണ്ട്. ലഹരിക്ക് അടിമകളായ കുട്ടികൾ പലതരം ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ടെങ്കിലും രക്ഷാകർത്താക്കൾ ശ്രദ്ധിക്കാറില്ല. സൈബർ വിഭാഗത്തിന്റെ സഹായത്തോടെ നിയമപാലകർ ഇവരിലേക്ക് എത്തുമ്പോഴേക്കും കുട്ടികൾ കുറ്റവാളികൾക്ക് കീഴ്പ്പെട്ടിരിക്കും.
** അണിയറയിൽ ലക്ഷങ്ങളുടെ കച്ചവടം
അരുവിക്കര സ്വദേശിയായ അക്ബർഷായുടെ പക്കൽ നിന്ന് 55 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടിൽ കോഴിഫാമിൽ ഒളിപ്പിച്ച നിലയിലായിരുന്നു. അഞ്ച് വർഷമായി ഗ്രാമീണ മേഖലയിലും സ്കൂൾ, കോളേജ് പരിസരങ്ങളിലും കഞ്ചാവും ലഹരി വസ്തുക്കളും വിതരണം ചെയ്തിരുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നെടുമങ്ങാട്ട് ഒന്നര മാസത്തിനിടയിൽ പിടികൂടിയത് 70 കിലോ കഞ്ചാവാണ്. ആന്ധ്രയിൽ നിന്ന് ചരക്കുലോറികൾ മുഖേനെ എത്തുന്ന കഞ്ചാവ് കി.ഗ്രാമിന് രണ്ടായിരം രൂപ വിലയ്ക്കാണ് വിതരണക്കാർക്ക് ലഭിക്കുന്നത്. ഇത് ചെറുപൊതികളാക്കി മാറ്റി ഒരു ലക്ഷം രൂപ വരെ ലാഭം നേടുന്നുണ്ട്. 300 മുതൽ 500 രൂപ വരെയാണ് ചെറുപൊതിയുടെ വില. 100 കി.ഗ്രാമിലേറെ കഞ്ചാവ് ഇക്കാലയളവിൽ മലയോര പ്രദേശങ്ങളിൽ വിതരണം ചെയ്തിട്ടുണ്ടെന്നാണ് എക്സൈസിന്റെ വെളിപ്പെടുത്തൽ. കോടികൾ വിലയുള്ള എം.ഡി.എം.എ ക്രിസ്റ്റൽ, ഗുളിക, പൊടി രൂപത്തിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത്തരം ലഹരി വസ്തുക്കളുടെ ഉപഭോഗത്തിന് നിരവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ കണ്ടെത്തി താക്കീത് നൽകി വിട്ടയച്ചു. കടുത്ത ലഹരി വസ്തുക്കൾ തേടി ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ ഏതാനും ചെറുപ്പക്കാർ എത്തിയതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ ആദിവാസി യുവാക്കളുമുണ്ട്.
***10 വർഷം മുതൽ തടവ് ലഭിക്കാവുന്ന കുറ്റമാണ് മാരക ലഹരി വസ്തുക്കളുടെ ഉപഭോഗമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി.
**നെടുമങ്ങാട്ട് ഒന്നര മാസത്തിനിടയിൽ പിടികൂടിയത് 70 കിലോ കഞ്ചാവ്
*കടലാസിലൊതുങ്ങി 'വിമുക്തി"
നിയമവിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണവും കടത്തലും ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ട് എക്‌സൈസ് ആരംഭിച്ച 'വിമുക്തി മിഷൻ" മലയോര മേഖലയിൽ കാര്യക്ഷമമല്ലെന്ന് പരാതി. സ്കൂൾ,കോളേജ് ലഹരി വിരുദ്ധ ക്ളബുകൾ, എസ്.പി.സി, കുടുംബശ്രീ, ലൈബ്രറി കൗൺസിൽ, മദ്യവർജ്ജന സമിതികൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി- യുവജന -മഹിളാ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ വ്യാപക ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും ലഹരി സംഘങ്ങളെ പിന്തുടരാനും ആവിഷ്ക്കരിച്ച പദ്ധതി കടലാസിൽ ഒതുങ്ങിയെന്നാണ് ആക്ഷേപം. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ചുമലിൽ കെട്ടിവച്ച് തദ്ദേശ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും പദ്ധതി നടത്തിപ്പിൽ നിന്ന് പിന്തിരിയുകയാണെന്ന് ആരോപണം ശക്തമായിട്ടുണ്ട്.