നെയ്യാറ്റിൻകര: ആറയൂർ പാണ്ടി വിനു കൊലക്കേസിൽ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാരെന്ന് നെയ്യാറ്റിൻകര അഡി. ജില്ലാ കോടതി. ശിക്ഷ ഇന്ന് വിധിക്കും. ആറയൂർ സൊസൈറ്റിക്ക് സമീപത്തുവച്ച് പാണ്ടി വിനു എന്ന വിനുവിനെ സുഹൃത്തുക്കളായ ചെങ്കൽ ആറയൂർ കടമ്പാട്മേലേ പുത്തൻവീട്ടിൽ പുളിക്കുത്തി ഷാജി എന്ന ഷാജി (49), ആറയൂർ എള്ളുവിള പുത്തൻവീട്ടിൽ അല്ലൻ അനി എന്ന അനി എന്നിവർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. 2019 ഏപ്രിൽ 20നായിരുന്നു കേസിനാസ്‌പദമായ സംഭവം.
ഒന്നാംപ്രതി ഷാജി അച്ഛൻ കൃഷ്ണന്റെ വസ്തുക്കൾ ബലമായി എഴുതിവാങ്ങുന്നതിനായി പാണ്ടി വിനുവിന് ക്വട്ടേഷൻ നൽകിയിരുന്നു. പ്രമാണം ഒപ്പിട്ടുവാങ്ങിയ ശേഷം വിനുവും ഷാജിയും ചേർന്ന് കൃഷ്‌ണനെ കൊന്ന് മാർത്താണ്ഡത്തിന് സമീപത്തെ ചതുപ്പ് നിലത്തിൽ ഉപേക്ഷിച്ചു. സംഭവത്തിനുശേഷം വിനു പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിലുള്ള വൈരാഗ്യത്തിലാണ് ഷാജിയും അനിയും ചേർന്ന് വിനുവിനെ വീട്ടിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.