തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥൻ ബാലുവിന്റെ അന്ത്യോപചാര ചടങ്ങുകൾക്കിടെ ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥർ ക്രിക്കറ്റ് കളിച്ചെന്ന വിവാദം ദൗർഭാഗ്യകരമാണെന്ന് ഡി.സി.പി വൈഭവ് സക്സേന കേരളകൗമുദിയോട് പ്രതികരിച്ചു. ബാലുവിന്റെ മരണത്തിൽ അഗാധമായ ദുഃഖമുണ്ട്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള എല്ലാ നടപടികളും വേഗത്തിലാക്കാനുള്ള കാര്യങ്ങൾ ചെയ്തിരുന്നു. സാമൂഹികബാദ്ധ്യതയുള്ള ഒരു വിഷയം കൂടിയായിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് മത്സരം. ഒരു മാസം മുമ്പ് തീരുമാനിച്ചതാണിത്. സിവിൽ സർവീസിലെ മുതിർന്ന ഓഫീസർമാരെല്ലാം പങ്കെടുക്കുന്ന പരിപാടിയിൽ രാവിലെ 7ന് പോയി അൽപ്പനേരം ചെലവഴിച്ച ശേഷം താൻ തിരികെ പോയിരുന്നു.
11 മണിയോടെ ബാലുവിന്റെ മൃതദേഹം എസ്.എ.പി ക്യാമ്പിലെത്തുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ പൊതുദർശനം കുറച്ച് നേരത്തെയായി എന്നതാണ് യാഥാർത്ഥ്യം. സെക്രട്ടേറിയറ്റിലെ ബി.ജെ.പിയുടെ മാർച്ചും കഴിഞ്ഞ് ഉച്ചയോടെയാണ് സീനിയർ ഓഫീസേഴ്സ് വിളിച്ചിട്ട് ഭക്ഷണം കഴിക്കാനായി സ്റ്റേഡിയത്തിലേക്ക് പോയത്. വീട് ആക്കുളത്തായതിനാൽ അവിടുന്ന് സ്റ്റേഡിയത്തെത്താൻ അധികസമയം വേണ്ട. അതിനാലാണ് താൻ പോയതെന്നും സക്സേന പറഞ്ഞു.