sslv

തിരുവനന്തപുരം: കൊവിഡ് കഴിഞ്ഞ രണ്ടു വർഷം നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം തീർക്കാൻ പുതുവർഷത്തിൽ 11 വിക്ഷേപണങ്ങൾക്കൊരുങ്ങി ഐ.എസ്.ആർ.ഒ ജൂണിൽ മാത്രം എട്ടെണ്ണം. ജനുവരി, മാർച്ച്, സെപ്തംബർ മാസങ്ങളിലാണ് മറ്റുള്ളവ.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, കുഞ്ഞൻ വിക്ഷേപണ റോക്കറ്റായ എസ്.എസ്.എൽ.വി രംഗത്തിറക്കുന്നതും 2022ലാണ്. ഇതോടെ വാണിജ്യ വിക്ഷേപണത്തിന് വൻ സാദ്ധ്യതയൊരുങ്ങും. ഇന്ത്യയുടെ അഭിമാനമായ ആദിത്യ എൽ-വൺ സൂര്യപര്യവേക്ഷണ ദൗത്യവും 2022ൽ നടപ്പാക്കും. അതേസമയം ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാൻ വിക്ഷേപണം ലിസ്റ്റ് ചെയ്തിട്ടില്ല.

പതിനൊന്ന് വിക്ഷേപണ വിൻഡോകളാണ് ബുക്ക് ചെയ്തതെങ്കിലും വിൻഡോ ലഭ്യമാണെങ്കിൽ കൂടുതൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ പറഞ്ഞു.

കൊവിഡ് മൂലം 2020, 2021 വർഷങ്ങളിൽ കാര്യമായ വിക്ഷേപണം നടന്നില്ല. 2020ൽ ജിസാറ്റ് 30, ഇ.ഒ.എസ് 01, സി.എം.എസ് 01 എന്നീ വിക്ഷേപണങ്ങൾ മാത്രം. 2021 ആഗസ്റ്റിൽ ഇ.ഒ.എസ് 03 ഉപഗ്രഹവിക്ഷേപണം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിന് മുമ്പ് 1998ൽ മാത്രമാണ് വിക്ഷേപണം നടക്കാതിരുന്നിട്ടുള്ളത്. 2013, 14 വർഷങ്ങളിൽ അഞ്ച് വീതവും 15ൽ നാലും 16,17,19 വർഷങ്ങളിൽ എട്ട് വീതവും 2018ൽ ഒൻപതും വിക്ഷേപണം നടന്നു.

2022ലെ വിക്ഷേപണങ്ങൾ

(മാസം,റോക്കറ്റ്,ഉപഗ്രഹം)

 ജനുവരി: പി.എസ്.എൽ.വി: ആർ.ഐ.സാറ്റ് 1എ

 മാർച്ച്: ജി.എസ്.എൽ.വി: ഐ.ഡി.ആർ.എസ്.എസ്.1

 ജൂൺ: ജി.എസ്.എൽ.വി മാർക്ക് 3: ജിസാറ്റ് 32

ജൂൺ: ജി.എസ്.എൽ.വി മാർക്ക് 3: ജിസാറ്റ് 2

 ജൂൺ: ജി.എസ്.എൽ.വി: ഐ.ഡി.ആർ.എസ്.എസ് 2

 ജൂൺ: പി.എസ്.എൽ.വി: ആർ.ഐ സാറ്റ് 2എ

 ജൂൺ: എസ്.എസ്.എൽ.വി: ഡി 1 മൈക്രോസാറ്റ് 2 എ

 ജൂൺ: പി.എസ്.എൽ.വി: ഒാഷൻസാറ്റ് 3

 ജൂൺ: എസ്.എസ്.എൽ.വി: ബ്ളാക്ക് സ്കൈ ഡി 2

 ജൂൺ: ജി.എസ്.എൽ.വി മാർക്ക് 3: ജിസാറ്റ് 20

 സെപ്തംബർ: പി.എസ്.എൽ.വി.എക്സ് എൽ: ആദിത്യ എൽ 1

എസ്.എസ്.എൽ.വി

 169.07കോടി രൂപ ചെലവിൽ വി.എസ്.എസ്.സിയിൽ വികസിപ്പിച്ച ചെറു റോക്കറ്റ്

 നാലു ഭാഗങ്ങളുള്ള റോക്കറ്റിന്റെ ആകെ നീളം 34 മീറ്റർ. രണ്ടു മീറ്റർ വ്യാസം. ഭാരം 120 ടൺ

 ആദ്യ മൂന്ന് ഭാഗങ്ങളിൽ ഖര ഇന്ധനവും നാലാം ഭാഗത്ത് ദ്രവ ഇന്ധനവും

 500 കിലോ വരെ ഭാരമുള്ള ഉപഗ്രഹങ്ങൾ 500 കി. മീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിക്കും

 142 കിലോ ഭാരമുള്ള മൈക്രോസാറ്റ് 2എ വിക്ഷേപിച്ചായിരിക്കും അരങ്ങേറ്റം

വിക്ഷേപണത്തിന് വെറും 30 കോടി

നിർമ്മാണത്തിന് സമയ ലാഭം, കുറഞ്ഞ ചെലവ് എന്നിവയാണ് എസ്.എസ്.എൽ.വിയുടെ നേട്ടം. ഒരു വിക്ഷേപണത്തിന് വെറും 30 കോടി ചെലവേയുള്ളൂ. പി.എസ്.എൽ.വിക്ക് 200 കോടിയും ജി.എസ്.എൽ.വിക്ക് 390-600 കോടിയും ജി.എസ്.എൽ.വി മാർക്ക് -3ന് 367-650 കോടിയും വിക്ഷേപണച്ചെലവുണ്ട്. കുഞ്ഞൻ റോക്കറ്റുണ്ടാക്കാൻ ആറ് പേർ 72 മണിക്കൂർ പണിയെടുത്താൽ മതി. പി.എസ്.എൽ.വിയുണ്ടാക്കാൻ 600 പേർ രണ്ടു മാസം പണിയെടുക്കണം.1750 കിലോഗ്രാമാണ് പി.എസ്.എൽ.വിയുടെ വാഹകശേഷി.