
വിഴിഞ്ഞം: സാങ്കേതിക തകരാർ പരിഹരിക്കുന്നതിനിടെ നിറുത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ് മുന്നോട്ടുരുണ്ട് ക്ളീനറുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ഡ്രൈവറുടെ മനസാന്നിദ്ധ്യം കാരണം ഒഴിവായത് വൻ ദുരന്തം. ഇറക്കത്തിൽ നിറുത്തിയിട്ടിരുന്ന ബസിൽ 45ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെ പുറത്തിറക്കാതെയാണ് തകരാർ പരിഹരിക്കുന്നതിന് ക്ളീനർ ശ്രമിച്ചത്. ഡ്രൈവർ അമൽ സീറ്റിൽ ഉണ്ടായിരുന്നെങ്കിലും വാഹനം മുന്നോട്ടുരുണ്ട് ക്ളീനറുടെ ദേഹത്ത് കയറുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് വാഹനം കൂടുതൽ താഴേക്ക് പോകാത്തത്. ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിയന്ത്രണംവിട്ട് മറിയുന്നതിനോ തൊട്ടടുത്തുള്ള കടലിലേക്ക് പതിക്കുന്നതിനോ സാദ്ധ്യതയുണ്ടായിരുന്നു. മരിച്ച അനിൽകുമാർ വാഹനത്തിൽ ഡ്രൈവർ കം ക്ലീനറായിരുന്നു. പകരം ഡ്രൈവർ ഉണ്ടായിരുന്നതിനാലാണ് കഴിഞ്ഞദിവസം ക്ലീനറുടെ ജോലി ഏറ്റെടുത്തത്.