
ക്രമസമാധാന വാഴ്ചയും സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കണ്ടുവരുന്ന റോഡുകളും ഏതാണ്ട് സമാനമാണെന്ന് ഏതോ ഒരു രസികൻ ഗൗരവമായിത്തന്നെ ഈയുള്ളവനോട് പറഞ്ഞതാണ്. നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്ന പ്രതികരണമാണിത്. നോക്കൂ, റോഡായ റോഡുകളെല്ലാം യാത്രക്കാരുടെ നടുവൊടിക്കുന്ന തരത്തിൽ കുണ്ടും കുഴിയുമായി കിടക്കുന്നു. മഴയും കൂടി പെയ്ത് ചെളിനിറഞ്ഞാൽ പിന്നെ പറയേണ്ട.
റോഡിന്റെ ഈ പരിതാപകരമായ അവസ്ഥയാണ് ക്രമസമാധാന പാലനത്തിന്റെ കാര്യത്തിലും. ഏറ്റവുമൊടുവിലായി വെറും പത്ത്-പന്ത്രണ്ട് മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയിൽ രണ്ട് ജീവനുകൾ വാളിന് ഇരയായത്. ഒരു വശത്ത് അക്രമികൾ ആർ.എസ്.എസുകാരും മറുവശത്ത് എസ്.ഡി.പി.ഐക്കാരുമാണെന്ന് പറയുന്നു. രാഷ്ട്രീയം എന്തോ ആകട്ടെ. പോയ്പ്പോയത് രണ്ട് വിലപ്പെട്ട ജീവനുകളാണ്. കൊല്ലപ്പെട്ട രണ്ട് പേർക്കുമുള്ളത് രണ്ട് പെൺമക്കൾ വീതം. ആ കുട്ടികൾക്ക് ഇനി അച്ഛനില്ല. ഒരാൾ കൊല്ലപ്പെട്ടതാകട്ടെ, മകളുടെ കൺമുന്നിൽ വച്ചും. ആ കുട്ടിയുടെ മുന്നോട്ടുള്ള ജീവിതം, മാനസികനില ഇവയൊക്കെ ഇനിയെങ്ങനെയാകും എന്ന് കൊലവിളി മുഴക്കി ആക്രോശിച്ചെത്തിയ അക്രമികൾ ചിന്തിച്ചിട്ടുണ്ടോ എന്ന് നിശ്ചയമില്ല. സ്കൂട്ടറിന്റെ പിന്നിൽ കാർ ഇടിപ്പിച്ച ശേഷമായിരുന്നു കൊലവിളിച്ചും ആക്രോശിച്ചുമുള്ള ഒരു കൊലപാതകം.
ഇതിനേക്കാൾ മാരകം സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനം കൈകാര്യം ചെയ്തുവരുന്ന പൊലീസിന്റെ ഭാഗത്തെ ഗുരുതര അനാസ്ഥയാണ്. ഇല്ലെങ്കിൽ ദാരുണമായ ഒരു കൊലപാതകം സംഭവിച്ചു കഴിഞ്ഞ് വെറും പത്തോ പന്ത്രണ്ടോ മണിക്കൂറിന്റെ ഇടവേളയിൽ സമാനരീതിയിൽ മറ്റൊരു കൊലപാതകം അരങ്ങേറുമായിരുന്നോ? ക്രമസമാധാന പാലനത്തിൽ രാജ്യത്തെ ഒന്നാം നമ്പർ എന്ന് മേനി നടിക്കുന്ന കേരളത്തെയും ക്രമസമാധാനപാലനത്തിലെ ഒന്നാം നമ്പരിന് ദേശീയാംഗീകാരം കിട്ടിയെന്നൊക്കെ കൊട്ടിഘോഷിക്കാറുള്ള സംസ്ഥാന സർക്കാരിനെയും നോക്കി കൊഞ്ഞനം കുത്തുന്നുണ്ട് സമീപദിവസങ്ങളിലായി കേരളത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന അക്രമവാഴ്ച. പ്രതിക്കൂട്ടിൽ സംസ്ഥാന ആഭ്യന്തരവകുപ്പാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പൊലീസ് സംവിധാനം നിഷ്ക്രിയമായി നില്‌ക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തെന്ന് പറയേണ്ടിയിരിക്കുന്നു. അക്രമികൾ അഴിഞ്ഞാടുന്നത് ആരുടെയെങ്കിലും കുറ്റമല്ല. പക്ഷേ, അഴിഞ്ഞാടുന്ന അക്രമികളുടെ പേക്കൂത്തുകൾക്ക് തടയിടാൻ ഉത്തരവാദപ്പെട്ട ഭരണകൂടവും അതിന്റെ പൊലീസ് സംവിധാനവും പരാജയപ്പെടുന്നിടത്താണ് പ്രതിസന്ധി.
സംസ്ഥാന പൊലീസ് കുത്തഴിഞ്ഞ കൂടാരമായിരിക്കുന്നുവെന്ന് പല നിലയ്ക്കുള്ള പ്രതികരണങ്ങൾ നമ്മെ വിളിച്ചറിയിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ നടന്നുവരുന്ന സമ്മേളനങ്ങളിൽ പോലും പൊലീസ് നിശിതമായ വിമർശനങ്ങളേറ്റു വാങ്ങുന്നുണ്ട് . തലസ്ഥാന ജില്ലയിലെ ഏരിയ സമ്മേളനങ്ങളിൽ പലതിലും പൊലീസിനെതിരെ പലതരത്തിലുള്ള വിമർശനങ്ങളുയർന്നു.
ക്രമസമാധാന പാലനത്തിൽ വീഴ്ചതുടരുന്ന പൊലീസാകട്ടെ, മഹത്തായ പൊലീസ് സേനയ്ക്ക് പേരുദോഷമുണ്ടാക്കുന്ന പ്രവൃത്തികൾ നിരന്തരം ചെയ്യുന്നതിൽ ഒരമാന്തവും കാണിക്കുന്നുമില്ല. പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിന് സർവത്ര ഒത്താശയും ചെയ്തുകൊടുത്ത ഒരു ഇൻസ്പെക്ടർ ജനറൽ സസ്പെൻഷനിലായത് ഈയടുത്താണ്. പുരാവസ്തു തട്ടിപ്പുകാരന്റെ കൊട്ടാരത്തിൽ 'ടിപ്പുവിന്റെ സിംഹാസന'ത്തിന് മുന്നിൽ വാളുംപിടിച്ച് നില്‌ക്കുന്ന സംസ്ഥാന മുൻ പൊലീസ് മേധാവിയുടെയും മറ്റൊരു ഉന്നതന്റെയും ചിത്രങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തികഞ്ഞ അശ്ലീലമായിരുന്നു!
ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോയിലെ മുതിർന്ന അംഗം മാത്രമല്ല അദ്ദേഹം. കരുത്തും ഇച്ഛാശക്തിയുമുണ്ടെന്ന പ്രതിച്ഛായ നേടിയെടുത്തിട്ടുള്ള നേതാവുമാണ്. പക്ഷേ പൊലീസിനെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്ന് പൊതുസമൂഹം വിളിച്ചുപറയുന്നു. 2016-21 കാലത്തെ ഒന്നാം പിണറായി സർക്കാരിലും ഇപ്പോഴത്തെ രണ്ടാം പിണറായി സർക്കാരിലും പൊലീസിന് മാറ്റമേയില്ല.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ വേളയിൽ എഴുത്തുകാരനായ എൻ.എസ്. മാധവൻ നടത്തിയ നിരീക്ഷണമുണ്ട്.
ഒന്നാം പിണറായി സർക്കാരിന് പൊലീസ് കേൾപ്പിച്ച പേരുദോഷം തിരുത്തപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി. ആകെ വരുത്തിയ ഒരു തിരുത്ത് മുഖ്യമന്ത്രി പൊലീസ് ഉപദേഷ്ടാവിനെ വേണ്ടെന്നുവച്ചു എന്നത് മാത്രമാണ്. പൊലീസെല്ലാം പഴയ പൊലീസ് തന്നെ.
തുടർഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ പൊലീസ് കാട്ടുന്ന ശുഷ്കാന്തി എടുത്തുപറയണം. ഒന്നാം ഭരണത്തിൽ പതിനഞ്ച് പൊലീസ് അക്ഷൗഹിണിപ്പടയുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്കായി സകലമാന വഴികളും അടച്ചിട്ട് സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ പൊലീസ് അതേനില ഇപ്പോഴും പൂർവാധികം ശക്തിയോടെ തുടരുകയാണ്. മുഖ്യമന്ത്രിക്ക് ഈ സുരക്ഷയൊന്നും പോരെന്ന് ചിന്തിക്കുന്ന പൊലീസ് ഏമാന്മാർക്ക് സാധാരണക്കാരുടെ ജീവനെപ്പറ്റി ഒരു ഉത്കണ്ഠയും തോന്നുന്നില്ല എന്നതിൽപ്പരം അശ്ലീലം വേറെയെന്താണ്?
ഒന്നാം പിണറായി സർക്കാരിലെ
പൊലീസും ബെഹ്റയും
ശ്രീവാസ്തവയും
ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി തന്റെ പൊലീസ് ഉപദേഷ്ടാവായി രമൺ ശ്രീവാസ്തവ എന്ന മുൻ ഡി.ജി.പിയെ പ്രതിഷ്ഠിച്ചപ്പോൾ സാധാരണ ഇടതുപക്ഷക്കാരെല്ലാം നെറ്റിചുളിച്ചതാണ്. 1992ൽ സിറാജുന്നീസ എന്ന പതിനൊന്നുവയസുകാരി 'അബദ്ധ'ത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടതിന് നേരുത്തരവാദിയായി കേരളീയ സമൂഹം വിലയിരുത്തിയ ശ്രീവാസ്തവയുടെ രാഷ്ട്രീയ ചായ്‌വുകളൊക്കെ തീർത്തും ഇടതുപക്ഷവിരുദ്ധമാണെന്ന് ഇന്നാട്ടിൽ അരിയാഹാരം കഴിക്കുന്നവരെല്ലാം ചിന്തിച്ചിരുന്നു. പക്ഷേ, ശ്രീവാസ്തവയും ലോക്‌നാഥ് ബെഹറയും ചേരുന്ന കോംബിനേഷൻ കേരള പൊലീസിനെ നയിച്ചു എന്നിടത്ത് തുടങ്ങുന്നു ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ പൊലീസ് ദുരന്തങ്ങളുടെ കഥ.
പിന്നീടുണ്ടായ മാവോയിസ്റ്റ് വേട്ടകൾ, നിരപരാധികളായ രണ്ട് ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്, വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിനെ പൊലീസിലെ കടുവാസേന കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്, കോട്ടയത്തെ ദുരഭിമാനക്കൊല കൈകാര്യം ചെയ്തതിലെ നിസംഗത, വേറെയും കസ്റ്റഡി കൊലപാതകങ്ങൾ എന്നിങ്ങനെ എണ്ണമറ്റ വിവാദങ്ങളാണ് ബെഹ്റ - ശ്രീവാസ്തവ സംഘത്തിന്റെ കാർമ്മികത്വത്തിൽ സംസ്ഥാനത്ത് നടമാടിയത്. പൊലീസ് സ്റ്റേഷനുകൾക്കെല്ലാം മഞ്ഞ പെയിന്റടിക്കാൻ ഡി.ജി.പിയായ ബെഹ്റ നിശ്ചയിച്ചതിന് പിന്നിലെ അന്തർനാടകങ്ങളും പൊലീസിലെ പർച്ചേസിംഗ് വിവാദങ്ങളും ഉണ്ടാക്കിവച്ച നാണക്കേട് വേറെ.
പൊലീസ് ഭരണകൂടത്തിന്റെ മർദ്ദനോപാധിയെന്ന സങ്കല്പമൊക്കെ മുഖ്യധാരാ ഇടതുപക്ഷം പാടേ മറന്നുപോയ അഞ്ച് കൊല്ലമാണ് കടന്നുപോയത്. പൊലീസ് നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. മുഖ്യമന്ത്രിക്ക് കാഴ്ചക്കാരന്റെ റോളായിരുന്നു.
കൂടെക്കൂട്ടിയ ഉദ്യോഗസ്ഥരെ കണ്ണുമടച്ച് വിശ്വസിച്ച മുഖ്യമന്ത്രിയുടെ രാഷ്ട്രീയദൗർബല്യം പൊലീസാണ് ശരിക്കും മുതലെടുത്തത്. മുഖ്യമന്ത്രിയുടെ ആ ദൗർബല്യത്തിന്റെ മറ്റൊരു വിളംബരമായിരുന്നുവല്ലോ സ്വർണക്കടത്ത് വിവാദവും സ്വപ്നസുരേഷ്- എം. ശിവശങ്കർ എപ്പിസോഡുമെല്ലാം.
മാവോയിസ്റ്റ് വേട്ടയും
പൊലീസ് നിയമഭേദഗതിയും
യു.എ.പി.എ കേസും
നിലമ്പൂരിലെയും വൈത്തിരിയിലെയുമടക്കമുള്ള മാവോയിസ്റ്റ് വേട്ടകൾ, അതിനായി സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടൽ കഥകൾ, മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള യു.എ.പി.എ അറസ്റ്റുകൾ എന്നിവയെല്ലാം ഉത്തരേന്ത്യൻ പൊലീസ് മാതൃകയെ ഓർമ്മിപ്പിക്കുന്നതായിരുന്നു. ഇതിനെല്ലാം വശംവദനായി നിന്നുകൊടുക്കുന്ന നിസഹായനായ മുഖ്യമന്ത്രിയെയാണ് കേരളം കണ്ടത്.
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പൊലീസ് നടത്തിയ പേക്കൂത്തുകൾക്കെതിരെ ശബ്ദമുയർത്തിയ സി.പി.ഐ തുടക്കത്തിൽ തലവേദനയൊക്കെ ഉണ്ടാക്കിയെങ്കിലും അതെല്ലാം ഗ്യാലറിയുടെ കൈയടി കിട്ടാനുള്ള കളികൾ മാത്രമാണെന്ന് പിന്നീട് ഏറെ വൈകിയപ്പോൾ തിരിച്ചറിഞ്ഞു. മാവോയിസ്റ്ര് നേതാക്കൾ കാട്ടിൽ പൊലീസിന്റെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടപ്പോൾ സി.പി.ഐയെ തണുപ്പിക്കാനായിരുന്നു മുഖ്യമന്ത്രി മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ആ അന്വേഷണങ്ങളുടെയൊക്കെ ഗതിയെന്തായി എന്ന് ആർക്കുമൊരു നിശ്ചയവുമുണ്ടായിട്ടില്ല. സി.പി.ഐയും അത് പിന്നീട് അന്വേഷിക്കാൻ ചെന്നില്ല!
ഒന്നാം പിണറായി മന്ത്രിസഭയുടെ അവസാനവർഷത്തിൽ ഏറെ വിവാദം സൃഷ്ടിച്ചത് പൊലീസ് നിയമത്തിൽ വരുത്താൻ നിർദ്ദേശിക്കപ്പെട്ട ഭേദഗതിയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്ക് തടയിടാനെന്ന പേരിൽ കൊണ്ടുവന്ന 118 എ നിയമഭേദഗതി, അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതാണെന്ന ആക്ഷേപമുയർന്നതോടെ, സി.പി.എം പോളിറ്റ്ബ്യൂറോ തന്നെ സഹികെട്ട് ഇടപെടേണ്ടി വന്നു. ഗത്യന്തരമില്ലാതെ ആ ഭേദഗതിനിർദ്ദേശം പിൻവലിച്ചു. ഇതോടെ വലിയൊരു പ്രതിസന്ധിയിൽ നിന്നും നാണക്കേടിൽ നിന്നുമാണ് ഇന്ത്യൻ ഇടതുപക്ഷം രക്ഷപ്പെട്ടത്!
ആനിരാജയും രാജയും
കാനവും പിന്നെ പൊലീസും
പൊലീസിനെ പഴയതുപോലെ വിമർശിക്കുന്ന രീതിയൊക്കെ ഇന്ന് സി.പി.ഐ ഉപേക്ഷിച്ചിരിക്കുന്നു. കേരള പൊലീസിൽ ആർ.എസ്.എസ് അജൻഡ നടപ്പാക്കുന്ന ഉദ്യോഗസ്ഥരുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്ന് മാത്രം വിമർശനബുദ്ധ്യാ നിർദ്ദേശിച്ച സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആനി രാജയെ അടിച്ചിരുത്തിയ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത്, കേരളത്തിലെ കാര്യങ്ങളിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാക്കൾ ഇടപെടുന്നത് സംസ്ഥാന ഘടകത്തോട് ആലോചിച്ച് വേണമെന്നാണ്. മാത്രവുമല്ല, പൊലീസിനെ ഇപ്പോൾ വിമർശിക്കുന്നത് സംസ്ഥാനസർക്കാരിനെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കരുതി. പാർട്ടി ജനറൽസെക്രട്ടറി ഡി. രാജ അദ്ദേഹത്തിന്റെ പത്നി കൂടിയായ ആനി രാജയോട് അനുഭാവം പ്രകടിപ്പിച്ചെന്ന് തോന്നിയപ്പോൾ അദ്ദേഹത്തെ പരസ്യമായി വിമർശിക്കാനും കാനം മടികാട്ടിയില്ല!
പക്ഷേ, എന്നിട്ടും സി.പി.എമ്മിന്റെ സമ്മേളനങ്ങളിൽ പൊലീസിനെതിരെ വിമർശനമുയർന്നുവെന്നതാണ് കൗതുകകരം. ഭരണസിരാകേന്ദ്രം കുടികൊള്ളുന്ന തലസ്ഥാന ജില്ലയിലെ ഏരിയാ സമ്മേളനങ്ങളിൽ അതിരൂക്ഷ വിമർശനമാണുയർന്നത്. പൊലീസിനെ ആർ.എസ്.എസിന് വിറ്റുവെന്ന് വരെ ചിലർ വിമർശിച്ചു. പൊലീസിന്റെ നിഷ്ക്രിയത്വത്തെ പലരും ചോദ്യം ചെയ്തു. അതത്ര നിഷ്കളങ്കമല്ലെന്ന് പറയുന്നവരുണ്ട്. ജില്ലാ നേതൃത്വത്തിലെ വിഭാഗീയതയുടെ പ്രതിഫലനമാണത്രെ ഈ വിമർശനങ്ങൾ. അതായത്, കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്ന ഏരിയകളിൽ നിന്നാണ് സംഘടിതമായ വിമർശനമുയർന്നതെന്ന് പാർട്ടിക്കകത്തുള്ളവർ അടക്കം പറയുന്നു. അതെന്തോ ആകട്ടെ. പൊലീസിന്റെ വീഴ്ചകൾ സി.പി.എമ്മുകാർക്ക് പോലും ഉൾക്കൊള്ളാനാവുന്നില്ല എന്ന് വ്യക്തമാക്കുന്നുണ്ട് ഈ വിമർശനങ്ങൾ.
ഇനി പുതിയ കാലത്തേക്ക് വരാം. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം പൊലീസിന്റെ വീഴ്ച കൊണ്ടു മാത്രമാണെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. അതിന് തൊട്ടുമുമ്പുണ്ടായ മറ്റൊരു കൊലപാതകമുണ്ട്. അത് തലസ്ഥാന ജില്ലയിലാണ്. പോത്തൻകോട് എന്ന സ്ഥലത്ത് ഗുണ്ടാപ്പകയുടെ ഫലശ്രുതി. ആ കൊലപാതകക്കേസിലെ പ്രതികൾ പൊലീസിനെ കബളിപ്പിച്ചത് സംസ്ഥാന പൊലീസ് സേനയ്ക്ക് തന്നെ കളങ്കമുണ്ടാക്കുന്നതായി. പൊലീസ് മന:പൂർവം വീഴ്ച നടിച്ചതാണോയെന്ന് പോലും ആളുകൾ സംശയിക്കാതില്ല. അതിലെ ഒരു പ്രധാന പ്രതിയെ തേടി പോകുമ്പോൾ സത്യസന്ധനും ഉത്സാഹിയുമായ ഒരു പൊലീസുദ്യോഗസ്ഥൻ മുങ്ങിമരിച്ചത് നാടിനുതന്നെ നൊമ്പരമായി.
എന്നാൽ, ആ പൊലീസുദ്യോഗസ്ഥന്റെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ സംസ്ഥാനത്തെ ഉന്നത പൊലീസേമാന്മാരെല്ലാം കാര്യവട്ടത്ത് ക്രിക്കറ്റ് കളിയിലേർപ്പെട്ടിരിക്കുകയായിരുന്നു എന്നതിൽപ്പരം ഒരു ദുരന്തം മറ്റെന്തുണ്ടാകാനാണ് !