
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും, സർക്കാർ സ്‌കൂൾ അദ്ധ്യാപകരുടെയും, പ്രത്യേകം അധികാരപ്പെടുത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സർവീസ് സംബന്ധമായ വ്യവഹാരങ്ങളും കേരള പബ്ളിക് സർവീസ് കമ്മിഷൻ വിവിധ തസ്തികകളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പ് സംബന്ധിക്കുന്ന വ്യവഹാരങ്ങളുമാണ് പ്രധാനമായും കെ.എ.ടിയുടെ പരിധിയിൽ വരുന്ന കേസുകൾ.
ഭരണഘടനയുടെ 323 A അനുച്ഛേദത്തിൽ നിർദ്ദേശിക്കുന്ന അധികാരമുപയോഗിച്ച് 1985-ലെ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിയമത്തിന്റെ കീഴിൽ കേന്ദ്ര സർക്കാർ 2010 ആഗസ്റ്റ് 26 ന് പുറപ്പെടുവിച്ച വിജ്ഞാപനം വഴിയാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായത്. തുടക്കത്തിൽ തിരുവനന്തപുരത്ത് ഒരു ബെഞ്ച് മാത്രമായി പ്രവർത്തനം തുടങ്ങിയ ട്രൈബ്യൂണലിന് ഇപ്പോൾ പ്രധാന ബെഞ്ചിന് പുറമെ തിരുവനന്തപുരത്തും എറണാകുളത്തും ഓരോ അഡീഷണൽ ബെഞ്ചുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ചെയർമാനെ കൂടാതെ രണ്ട് ജുഡിഷ്യൽ മെമ്പർമാരും മൂന്ന് അഡ്മിനിസ്ട്രേറ്റീവ് മെമ്പർമാരുമാണ് ട്രൈബ്യൂണലിൽ അനുവദിക്കപ്പെട്ടിട്ടുള്ള അംഗബലം. എന്നാൽ ചെയർമാനും രണ്ട് ജുഡിഷ്യൽ മെമ്പർമാരും ഒരു അഡ്മിനിസ്ട്രേറ്റീവ് മെമ്പറും മാത്രമാണ് ഇപ്പോൾ പ്രവർത്തനത്തിലുള്ളത്. ഒഴിവുള്ള മെമ്പർമാരുടെ പോസ്റ്റുകളിലേക്ക് നിയമനത്തിനുള്ള നടപടികൾ സർക്കാർ തലത്തിൽ നടന്നുവരുന്നു.
കേരള ഹൈക്കോടതിയിൽ നിന്നും മുൻകാലങ്ങളിൽ വിരമിച്ച ജഡ്‌ജിമാരായ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ, ജസ്റ്റിസ് റ്റി.ആർ. രാമചന്ദ്രൻനായർ എന്നിവരാണ് ട്രൈബ്യൂണലിൽ മുൻപ് ചെയർമാൻമാരായിട്ടുള്ളത്. മെമ്പർമാരായി നിയമിക്കപ്പെടുന്നവർ മുൻപ് അഭിഭാഷകർ ആയിരുന്നിട്ടുള്ളവരോ റിട്ടയർ ചെയ്ത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരോ ആണ്. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ കോടതി വളപ്പിനോട് ചേർന്ന്, മുൻപ് കളക്ടറേറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ്, കെ.എ.ടി പ്രവർത്തിക്കുന്നത്. എറണാകുളം അഡിഷണൽ ബെഞ്ചിന്റെ പ്രവർത്തനം ജോസ് ജംഗ്ഷനടുത്ത് സദനം റോഡിലുള്ള വാടകക്കെട്ടിടത്തിലാണ്.
കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ വന്നിരുന്നതും അവിടെ കൈകാര്യം ചെയ്തിരുന്നതുമായ സർവീസ് കേസുകളുമാണ് കെ.എ.ടി ഇപ്പോൾ കൈകാര്യം ചെയ്തുവരുന്നത്. പ്രവർത്തനമാരംഭിച്ച് പത്ത് വർഷം പിന്നിടുമ്പോൾ ഏകദേശം 43,000 കേസുകളാണ് ട്രൈബ്യൂണലിൽ നിന്നും തീർപ്പാക്കപ്പെട്ടിട്ടുള്ളത്. നിലവിൽ ഉദ്ദേശം 9,500 കേസുകൾ തീർപ്പ് കല്പിക്കുന്നതിനായി ട്രൈബ്യൂണലിന്റെ പരിഗണനയിലുണ്ട്.
പത്താം വാർഷികത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം നിയമവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കെ.എ.ടിയുടെ ചെയർമാൻ, കേരള ഹൈക്കോടതി ജഡ്‌ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്‌റ്റിസ് സി.കെ. അബ്‌ദുൾ റഹിം അദ്ധ്യക്ഷത വഹിക്കും. മുൻ സുപ്രീംകോടതി ജഡ്‌ജിയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആക്ടിംഗ് ചെയർമാനുമായിരുന്ന കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യാതിഥിയായിരിക്കും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ്, അഭിഭാഷക അസോസിയേഷൻ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. ട്രൈബ്യൂണലിൽ മുൻപ് ചെയർമാൻമാരായിരുന്ന ജഡ്‌ജിമാരെയും മെമ്പർമാരെയും ചടങ്ങിൽ ആദരിക്കും. പരിപാടിയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളത്.
( ലേഖകൻ കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
ചെയർമാനാണ് )