വിതുര: പൊന്മുടിയിലേക്കുള്ള യാത്രയ്ക്കിടെ സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണി ഉയർത്തിയിരുന്ന റോഡിലെ 'വാരിക്കുഴികൾ' നികത്തിത്തുടങ്ങി. ഒരാഴ്ച കൊണ്ട് ചുള്ളിമാനൂർ മുതൽ കല്ലാർ വരെയുള്ള കുഴികൾ നികത്താനാണ് തീരുമാനം. റോഡിന്റെ ശോച്യാവസ്ഥ കാരണം പൊന്മുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ വിതുര മുതൽ നെടുമങ്ങാട് വരെയുള്ള മേഖലയിൽ അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ ഉണർന്ന് പ്രവർത്തിച്ചത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ ഡി.കെ. മുരളി, ജി.സ്റ്റീഫൻ, സി.പി.എം വിതുര ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എൻ. ഷൗക്കത്തലി തുടങ്ങിയവർ പി.ഡബ്യു.ഡി അധികൃതരുമായി ബന്ധപ്പെട്ടതാണ് വഴിത്തിരിവായത്.

നെടുമങ്ങാട്, വാമനപുരം,അരുവിക്കര എന്നീ നിയോജക മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഇതിൽ ചുള്ളിമാനൂർ മുതൽ ഇരുത്തലമൂലവരെയാണ് യാത്ര ഏറെ ദുഷ്കരം. തിരുവനന്തപുരം, നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ, വിതുര, പാലോട് എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഇതിലെ യാത്രക്കാരെല്ലാം വലിയ ദുരിതമാണ് അനുഭവിക്കുന്നത്. ഗട്ടറുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ മിക്ക ഭാഗത്തും നാട്ടുകാരാണ് കല്ലും മണ്ണും ഇട്ട് കുഴികൾ മൂടിയത് മഴക്കാലത്ത് റോഡ് കൂടുതൽ മോശമാകുകയും അപകടങ്ങൾ വർദ്ധിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കേരളകൗമുദിയിലെ വാർത്ത.

167 കോടി രൂപ അനുവദിച്ചു

പൊന്മുടി സംസ്ഥാനപാതയിലെ നവീകരണ പ്രവർത്തനങ്ങൾക്കായി 167 കോടി രൂപയാണ് അനുവദിച്ചത്. ചുള്ളിമാനൂർ മുതൽ പൊന്മുടി വരെയുള്ള റോഡ് ആധുനിക രീതിയിൽ നവീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ചുള്ളിമാനൂർ മുതൽ കല്ലാർ ഗോൾഡൻവാലി വരെയുള്ള കുഴികൾ നികത്തുന്നത്. തുടർന്ന് ചുള്ളിമാനൂർ മുതൽ കല്ലാർ വരെയുള്ള പുറമ്പോക്ക് ഒഴിപ്പിച്ച് റോഡിന്റെ വീതി കൂട്ടും. കല്ലാർ മുതൽ പൊന്മുടിവരെ വനംവകുപ്പിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് നവീകരണം നടത്താനാണ് തീരുമാനം.

രണ്ട് വർഷത്തിനകം പൂർത്തിയാക്കും

പൊന്മുടി അടക്കമുള്ള സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമാണ് സംസ്ഥാനപാത നവീകരിക്കുന്നത്. ജനുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് കരാർ എടുത്ത കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ടുവർഷം കൊണ്ട് ഇത് പൂർത്തീകരിക്കാനാണ് ധാരണ.