
ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരിപ്പാതയിൽ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയാകുന്നു. ഇതുകാരണം ടാർ ഇളകി കുഴികൾ രൂപപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പൈപ്പുവെള്ളം ടാറിളകിയ ഭാഗത്ത് കെട്ടിനിൽക്കുന്നതിനാൽ അപകടങ്ങൾക്കും കാരണമാകുന്നു. ഇത്തരത്തിലുള്ള കുഴികളിൽ കരാറുകാർ പാച്ച് വർക്ക് നടത്തുകയാണിപ്പോൾ.
20 കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലാണ് 2.8 കിലോമീറ്റർ വരുന്ന പൂവൻപാറ മുതൽ മൂന്നുമുക്ക് വരെയുള്ള പാത നാലുവരിയാക്കി ടാർ ചെയ്തതെന്നാണ് അധികൃതർ പറഞ്ഞത്. ഒരുമാസം കഴിയുംമുൻപ് റോഡ് പൊളിഞ്ഞു തുടങ്ങിയതോടെ വിവാദമായി.
ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നടപ്പിലാക്കിയ മാതൃകാ പദ്ധതിയാണ് വിവാദത്തിലായിരിക്കുന്നത്.
കച്ചേരി ജംഗ്ഷൻ കഴിഞ്ഞാൽ സി.എസ്.ഐ ജംഗ്ഷനിലാണ് മീഡിയൻ ഓപ്പൺ ചെയ്യുന്നത്. ഇതുകാരണം മാർക്കറ്റ് റോഡിൽ നിന്ന് ദേശീയപാതയിലെത്തുന്ന വാഹനങ്ങൾക്ക് തിരുവനന്തപുരം ഭാഗത്തേക്ക് പോകണമെങ്കിൽ സി.എസ്.ഐ ജംഗ്ഷനിലെത്തി തിരിഞ്ഞുപോകണം. ഇവിടെ മീഡിയന്റെ ഓപ്പണിംഗിന് വീതിയില്ലാത്തതിനാൽ വാഹനങ്ങൾ തിരിയുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. പരാതികൾ ഉയർന്നതോടെ നഗരസഭയുടെ മുന്നിലും കോടതിയിലേക്ക് കയറുന്ന ഭാഗത്തും കച്ചേരി ജംഗ്ഷനിലെ സീബ്രാ ലൈനിലും ഇപ്പോൾ മീഡിയൻ വെട്ടിപ്പൊളിച്ച് വഴി തുറന്നിട്ടുണ്ട്.