chembummoola

മുടപുരം: അരികുതോട് നിർമ്മിച്ച് നെൽപ്പാടത്തിൽ ജലസേചന സൗകര്യം ഒരുക്കാത്തതിനാൽ അഴൂർ ഗ്രാമപഞ്ചായത്തിലെ ചേമ്പുംമൂല പാടശേഖരത്തിൽ ഇക്കുറി നെൽക്കൃഷിയിറക്കാതെ കർഷകർ തരിശിട്ടു. തുടർച്ചയായ നഷ്ടം സഹിക്കാൻ കഴിയാത്തതിനാലാണ് അഞ്ചര ഹെക്ടർ പാടം തരിശിടേണ്ടി വന്നതെന്ന് കർഷകർ പറഞ്ഞു.

കനത്ത മഴ മൂലം പാടം വെള്ളത്തിനടിയിലാകും, ഇതിന് പുറമേ ആറ്റിൽ നിന്ന് ഉപ്പുവെള്ളവും കയറും. പാടം വെള്ളത്തിനടിയിലാകുന്നതും ഉപ്പ് വെള്ളം കയറുന്നതും മൂലം ഭീമമായ കൃഷിനാശം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് തവണയും കൃഷിനാശം സംഭവിച്ചതിനാൽ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഒരു തവണത്തെ കൃഷിക്ക് മാത്രം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

ഇതുമൂലം കണ്ടം കൊയ്തെടുത്തിട്ടും കാൽക്കാശിന് വകയില്ലാത്തവരായി ചേമ്പുംമൂലയിലെ കർഷകർ. തുടർച്ചയായി വയലിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ട്രാക്ടർ ഉപയോഗിച്ച് പൂട്ടാനോ കൊയ്ത്തു യന്ത്രം കൊണ്ട് കൊയ്യാനോ കഴിയുന്നില്ല.

ഇതുമൂലം കൂലി ചെലവ് വർദ്ധിക്കുന്നു. ഇതിന് പരിഹാരം കാണാനാണ് പാടത്ത് അരികുതോട് നിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്.

പാടത്തിന് നടുവിലൂടെ ഒരു പഴയ അരികുതോട് നിലവിലുണ്ട്. എന്നാൽ അത് വെള്ളം കയറ്റുന്നതിനോ ഇറക്കുന്നതിനോ പര്യാപ്തമല്ല. അതിനാൽ നിലവിലുള്ള അരികുതോടിന്റെ ആഴം കൂട്ടി രണ്ടുവശവും കോൺക്രീറ്റു ചെയ്താൽ മാത്രമേ ഇതുവഴി ജലസേചന സൗകര്യം ഒരുക്കാൻ കഴിയൂ.

മുൻപ് നെൽകൃഷിക്ക് ഭീമമായ നാശം സംഭവിച്ചപ്പോൾ കർഷകരുടെ ആവശ്യം പരിഹരിക്കാമെന്ന് അന്ന് അധികൃതർ ഉറപ്പു നൽകിയിരുന്നു. അതിൻപ്രകാരം ബന്ധപ്പെട്ട ജീവനക്കാർ പാടത്ത് വരികയും അരികുതോടിന്റെ അളവെടുത്ത്‌ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും നിർമാണം നടന്നില്ല. 350 മീറ്റർ നീളത്തിൽ ഒരു മീറ്റർ ആഴത്തിലും വീതിയിലുമാണ് അരികുതോട് നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നാൽ അരുകുതോട് നിർമിക്കാത്തതിനാൽ ഇപ്പോൾ നെൽപ്പാടം മുട്ടപായലും കയറി തരിശായി കിടക്കുകയാണ്.