
ചുരുങ്ങിയ ഇടവേളയ്ക്കു ശേഷം അതിനിഷ്ഠൂരമായ രണ്ടു രാഷ്ട്രീയ കൊലപാതങ്ങളെക്കുറിച്ചുള്ള ചർച്ചയിലാണ് കേരളം. പൈശാചികമായി കൊന്നുതള്ളാൻ പാകത്തിൽ അത്ര ഭീകരരൂപിയാണോ ചുറ്റും കാണുന്ന രാഷ്ട്രീയ സത്വം. ഉപജീവനത്തിനായി കർട്ടൻകട നടത്തുന്ന ആളായിരുന്നു മണ്ണഞ്ചേരിയിൽ കൊലക്കത്തിക്ക് ഇരയായ അഡ്വ. കെ.എസ്. ഷാൻ എന്ന മുപ്പത്തെട്ടുകാരൻ. എസ്.ഡി.പി.ഐ എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു ഈ ചെറുപ്പക്കാരൻ. രാത്രി കടപൂട്ടി വീട്ടിലേക്കു മടങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം അദ്ദേഹത്തിന്റെ സ്കൂട്ടർ ഇടിച്ചിട്ട് ഒരു കരുണയുമില്ലാതെ വെട്ടിയും കുത്തിയും അടിച്ചും മൃതപ്രായനാക്കിയത്. മണിക്കൂറുകൾക്കകം ആശുപത്രിയിൽ വച്ച് ഷാൻ അന്ത്യശ്വാസം വലിച്ചു. ഇതിനു പകരമായാണ് ഞായറാഴ്ച പ്രഭാതത്തിൽ ആലപ്പുഴ ടൗണിലെ വീട്ടിൽകയറി പന്ത്രണ്ടുപേർ വരുന്ന സംഘം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റും ഒ.ബി.സി മോർച്ച സെക്രട്ടറിയുമായ രൺജിത് ശ്രീനിവാസനെ അമ്മയുടെയും കുട്ടികളുടെയും മുമ്പിലിട്ട് തലയ്ക്കടിച്ചുവീഴ്ത്തി നിഷ്കരുണം വെട്ടിക്കൊന്നത്. 46 കാരനായ രൺജിത് ശ്രീനിവാസൻ അഭിഭാഷകനായിരുന്നു. ഷാനിന് നാല്പതോളം വെട്ടുകളേറ്റെങ്കിൽ രൺജിത് ശ്രീനിവാസന്റെ ദേഹത്ത് ഇരുപതിലധികം വെട്ടേറ്റതിന്റെ പാടുകളുണ്ടായിരുന്നു. രണ്ടു നേതാക്കളും രാഷ്ട്രീയപ്പകയുടെ ഇരകളായതോടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുൾപ്പെടുന്ന രണ്ടു കുടുംബങ്ങളുടെ നാഥന്മാരാണ് ഇല്ലാതായത്. രണ്ടുപേർക്കും രണ്ടു പെൺകുട്ടികൾ വീതമാണുള്ളത്. ഭാര്യയും മാതാപിതാക്കളും സഹോദരങ്ങളുമുള്ള അവരുടെ കുടുംബങ്ങൾ ഈ കഠിനദുഃഖത്തിൽ നിന്ന് എങ്ങനെ കരകയറും?എത്ര സാന്ത്വനപ്പെടുത്തിയാലും സ്മാരകങ്ങൾ ഉയർത്തിയാലും നഷ്ടപ്പെട്ട ജീവനുകളെ തിരിച്ചുവയ്ക്കാനാവില്ലല്ലോ. അരനൂറ്റാണ്ടിനിടയിൽ സംസ്ഥാനത്ത് 225 രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറി എന്ന കണക്കുതന്നെ ആരിലും ഞെട്ടലുളവാക്കും. പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയെന്ന് പരക്കെ വാഴ്ത്തപ്പെടാറുള്ള കേരളം രാഷ്ട്രീയ കുടിപ്പകയിലൂടെ ഒഴുക്കുന്ന ചോര കണ്ട് വിറങ്ങലിച്ചു നില്ക്കേണ്ടിവരുന്നു.
കൊലയാളികളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഈ മഹാപാപം നിരന്തരം ആവർത്തിക്കുന്നതു കണ്ടിട്ടും പ്രതിമകൾ കണക്കെ നിലകൊള്ളുകയാണ്. കള്ളക്കണ്ണീരൊഴുക്കിയതുകൊണ്ടോ സ്മാരകം പണിതതുകൊണ്ടോ കുടുംബ സഹായനിധി സ്വരൂപിച്ചതുകൊണ്ടോ ആ മഹാപരാധം മറച്ചുവയ്ക്കാനാവില്ല. കൊലയ്ക്കു പകരം കൊല എന്ന അതിഹീന മാർഗം വെടിഞ്ഞ് സമൂഹം ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഈ യാഥാർത്ഥ്യം മനസിലാക്കാത്തവരെ ശരിയായ പാതയിലേക്കു നയിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്കു കഴിയുമ്പോഴാണ് അവർ യഥാർത്ഥ ജനസ്നേഹികളാകുന്നത്. എത്രയെത്ര സമാധാന റാലികൾ, സർവകക്ഷി സമ്മേളനങ്ങൾ, നേതൃത്വങ്ങളുടെ ആഹ്വാനങ്ങൾ - വല്ല ഫലവുമുണ്ടായോ? കണ്ണൂരിൽ മാത്രം കഴിഞ്ഞ 35 വർഷത്തിനിടയ്ക്ക് രാഷ്ട്രീയപ്പകയിൽ ജീവനറ്റുവീണത് 125 മനുഷ്യരാണ്. അവിടെ സ്ഥിതി ഒന്നടങ്ങിവരുന്നതിനിടയിലാണ് മറ്റിടങ്ങളിൽ രാഷ്ട്രീയപ്പകയുടെ വിഷവിത്തുകൾ മുളപൊട്ടാൻ തുടങ്ങിയിരിക്കുന്നത്. സംസ്കാരചിത്തർക്ക് ഓർക്കാൻ പോലുമാകാത്ത ഈ കാപാലിക പ്രവൃത്തിയിൽ നിന്ന് സംസ്ഥാനം മോചിതമാകണമെങ്കിൽ ബന്ധപ്പെട്ട രാഷ്ട്രീയ നേതൃത്വങ്ങൾ അണികളുടെ കാര്യത്തിൽ അതികർക്കശമായ പെരുമാറ്റച്ചട്ടങ്ങൾ കൊണ്ടുവരികതന്നെ വേണം. അക്രമികൾക്ക് സംഘടനയിൽ സ്ഥാനമുണ്ടാവില്ലെന്ന് ഓരോ പാർട്ടിയും ഉറച്ച തീരുമാനമെടുക്കണം. ഇതൊക്കെ പറയാമെന്നല്ലാതെ ഒരിക്കലും പൂർണമായി നടക്കാൻ പോകുന്നില്ല. കാരണം ഏതു പാർട്ടിക്കും എന്തിനും പോന്ന അക്രമിസംഘങ്ങളെ ആവശ്യമാണ്.
ആലപ്പുഴയിൽ നടന്ന രണ്ടു അരുംകൊലകളുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ മൊഴികളിൽ നിന്നുവേണം യഥാർത്ഥ പ്രതികളെ കണ്ടെത്താൻ. ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ലെങ്കിൽ പൊലീസിന് അതിവേഗം അതു സാധിക്കും. ഇത്തരം സംഭവങ്ങളിൽ കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നിയമപാലകർക്കു കഴിയണം. നിയമത്തെ തരിമ്പും പേടിയില്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിന്റെ പേരിൽ അക്രമികൾ അഴിഞ്ഞാടുന്നത്. അധികാരികളിൽ നിന്ന് പ്രത്യക്ഷമായും പരോക്ഷമായും സഹായം ലഭിക്കുന്നതാണ് അക്രമികൾക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അവസരം നൽകുന്നത്. കൊലകൾ നടന്നശേഷം പ്രസ്താവനകൾ ഇറക്കുന്നതിനൊപ്പം അക്രമികളെ വിളംബംവിനാ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിനെ സഹായിക്കുക കൂടി വേണം.
നാട്ടിൻപുറത്തുപോലും കാമറക്കണ്ണുകൾ രാപകൽ സജീവമായിരിക്കെ അശേഷം ഭയാശങ്കയില്ലാതെ അക്രമികൾ സ്വൈരവിഹാരം നടത്തുകയാണ്. മണ്ണഞ്ചേരിയിലും ആലപ്പുഴ ടൗണിലും അക്രമികൾ 'വേട്ട"യ്ക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഉച്ചത്തിൽ അലറിവിളിച്ച് വാഹനങ്ങളിൽ നിർഭയം പാഞ്ഞുപോകുന്ന അക്രമിസംഘം നാട്ടുകാരിൽ ജനിപ്പിക്കുന്നത് കടുത്ത ഭീതിയും ആശങ്കയുമാണ്. ഈ കൂസലില്ലായ്മയാണ് ഏറ്റവും അപകടകരം. എന്തുചെയ്യാനും മടിയില്ലാത്ത ഇത്തരം കാപാലിക സംഘങ്ങൾ സംസ്ഥാനത്ത് എവിടെയുമുണ്ട്. ഒരു മറയുമില്ലാതെ നാട്ടിലുടനീളം നടക്കുന്ന ലഹരിക്കച്ചവടം ഇതിന്റെ മറ്റൊരു വശമാണ്. ഭീകരമായ പല കുറ്റകൃത്യങ്ങൾക്കു പിന്നിലും ലഹരിയുടെ അമിത സ്വാധീനം പ്രകടമാണ്.
രാഷ്ട്രീയം മാറ്റിവച്ചാൽ ഏതു കൊലപാതകവും ഒരേ സ്വഭാവത്തിലുള്ളതാണ്. വധിക്കപ്പെടുന്നയാളിന്റെ കുടുംബമാണ് അനാഥമാകുന്നത്. ദുരന്തവേളയിൽ ആശ്വസിപ്പിക്കാനും സഹായിക്കാനും നിരവധിപേരുണ്ടാകും. ദിവസങ്ങൾ കഴിഞ്ഞാൽ ഈ കുടുംബങ്ങൾ എല്ലാം സ്വയം നോക്കേണ്ടിവരും. കുഞ്ഞുങ്ങളുടെ ഭാവിയാണ് ഏറെ വേദനാജനകം. ആവേശം മൂത്ത് എതിരാളിയുടെ തലകൊയ്യാനായി ചാടിപ്പുറപ്പെടുന്നവർ സ്വന്തം കുടുംബത്തെക്കുറിച്ചു ഒരു നിമിഷം ചിന്തിച്ചാൽ ഇത്തരം കൊടും ക്രൂരതയ്ക്കു മുതിരുകയില്ല. ഇനി പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തിയിട്ട് കാര്യമില്ല. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന കുടിപ്പകയുടെ വിഷവായു കൂടുതൽ പരക്കാതിരിക്കാനുള്ള മുൻകരുതലെടുക്കുകയാണു വേണ്ടത്. ആയുധങ്ങൾക്കു മൂർച്ച കൂട്ടാനൊരുങ്ങുന്നവരും അവർക്കു തുണ പോകാനൊരുങ്ങുന്നവരും കണ്ണീർനനവ് പടർന്ന കുഞ്ഞുങ്ങളുടെ ദയനീയ മുഖം കണ്ടില്ലെന്നു നടിക്കരുത്.