x-mas

തിരുവനന്തപുരം: കൊവിഡിൽ തകർന്ന വിപണിക്ക് ഉണർവിന്റെ പ്രത്യാശ നൽകി

ക്രിസ്മസ് കച്ചവത്തിനായി വ്യാപാര സ്ഥാപനങ്ങൾ സജീവമായി. ചാല, കിഴക്കേകോട്ട,​ തമ്പാനൂർ, ​പാളയം,​ പട്ടം,​ കേശവദാസപുരം, ​കഴക്കൂട്ടം,​ ആക്കുളം എന്നിവിടങ്ങളിലെ വിപണികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. നക്ഷത്രങ്ങളും സാന്താക്ലോസ് രൂപങ്ങളും ക്രിസ്‌മസ് ട്രീയും പുൽക്കൂടുമെല്ലാം കടകളിൽ നിരന്നുകഴിഞ്ഞു.

വഴിയോരങ്ങളിൽ റെഡിമെയ്ഡ് ക്രിസ്‌മസ് ട്രീയും പുൽക്കൂടുകളും സജീവമാണ്. ചെറുതും വലുതുമായ ക്രിസ്‌മസ് ട്രീകൾ ഒരുക്കിയും സമ്മാനപ്പൊതികളേന്തിയ സാന്റാക്ലോസിനെ അവതരിപ്പിച്ചുമെല്ലാം പലയിടങ്ങളിലും ആഘോഷങ്ങൾ തുടങ്ങിക്കഴി‌ഞ്ഞു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇലക്ട്രിക്ക് സ്റ്റാറുകളാണ് ഇക്കുറി വിപണിയിലേയും വീട്ടിലേയും താരം. ക്രിസ്‌മസ് ആവേശം പ്രസരിപ്പിക്കുന്ന മാസ്‌കുകളും വിപണിയിലുണ്ട്. സ്ഥാപനങ്ങളിൽ തിരക്കേറിയതോടെ പൊലീസും പരിശോധന ശക്തമാക്കി.

ഇവർ വിപണിയിലെ താരങ്ങൾ

സാധാരണ ഫൈബർ, പുല്ല്, ഷീറ്റ് എന്നിവ വച്ച് നിർമ്മിക്കുന്ന പുൽക്കൂടിനായിരുന്നു ഡിമാൻഡെങ്കിലും മുളകൊണ്ട് നിർമ്മിക്കുന്നവയും ഇപ്പോൾ വിപണയിലുണ്ട്. ഇവയ്ക്ക് 300 രൂപ മുതൽ 2500 വരെയാണ് വില. പുൽക്കൂടിനുള്ളിൽ വയ്ക്കാനുള്ള രൂപങ്ങളും പല വലിപ്പത്തിലും വിലയിലുമുണ്ട്.

പ്ളാസ്റ്റർ ഒഫ് പാരീസിൽ നിർമ്മിച്ച രൂപങ്ങൾ 150 രൂപ മുതലും ഫൈബറിലും പ്ളാസ്റ്റിക്കിലും നിർമ്മിച്ചത് 100 രൂപ മുതലും ലഭ്യമാണ്. 500 രൂപ മുതൽ 3000 രൂപ വരെയുള്ള ക്രിസ്‌മസ് ട്രീകളും ലഭ്യമാണ്. വ‌ർണമണികളും നക്ഷത്രങ്ങളും അലങ്കാരങ്ങളും തൂക്കിയ ട്രീയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. 200 രൂപ മുതൽ 800 രൂപവരെയുള്ള എൽ.ഇ.ഡി ലൈറ്റ് നക്ഷത്രങ്ങളും 50 രൂപ മുതൽ 600 രൂപവരയുള്ള പേപ്പർ പ്ളാസ്റ്റിക്ക് നക്ഷത്രങ്ങളും വിപണിയിലെ പ്രധാന ആകർഷണമാണ്.

കേക്ക് വിപണി സജീവം

തിരുവനന്തപുരം: ക്രിസ്‌മസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തലസ്ഥാനത്തെ ബേക്കറികളിലെല്ലാം ക്രിസ്‌മസ് കേക്കുകൾ നിറഞ്ഞു. പ്ളം, ചെറി കേക്കുകൾക്കാണ് ഡിമാൻഡ് കൂടുതൽ. കിലോയ്ക്ക് 150 നും 200നും ഇ‌ടയിലാണ് വില ആരംഭിക്കുന്നത്. ബ്ളാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ബട്ടർ ഐസിംഗ്, ഫ്രഷ് ക്രീം തുടങ്ങിയ സ്ഥിരം ഫ്ളേവറുകൾക്കൊപ്പം നട്ട്സ്, ബദാം, ഡ്രൈഫ്രൂട്ട്സ് എന്നിവയാൽ സമ്പുഷ്ടമായ നട്ടി ബബ്ളി കേക്കും റെഡ് വെൽവറ്റ് കേക്കും വാനിലയും ചോക്ളേറ്റും ചേരുന്ന വാഞ്ചോ കേക്കുമൊക്കെ വിപണിയി. ഇടം പിടിച്ചിട്ടുണ്ട്. മിക്സഡ് ഫ്ളേവറിനാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. ഐസിംഗ് ക്രിസ്‌മസ് പപ്പയ്ക്കും ആവശ്യക്കാർ ഏറെയാണ്. പ്ളം കേക്കിൽ വാനിലയോ വൈറ്റ് ചോക്ളേറ്റോ മിക്‌സ് ചെയ്‌താണ് ഇത് നിർമ്മിക്കുന്നത്. ഓർഡർ അനുസരിച്ചാണ് പലയിടത്തും കേക്കുകളുടെ നിർമ്മാണം. ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ കേക്ക് നിർമ്മിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. സോഷ്യൽ മീഡിയയാണ് ഇവർ പ്രചാരണ മാർഗമായി ഉപയോഗിക്കുന്നത്.

കേക്ക് വില ( കിലോയ്ക്ക് )

ബ്ളാക് ഫോറസ്റ്റ് : 600 - 650

വൈറ്റ് ഫോറസ്റ്റ് : 650 - 700

ബട്ടർ ഐസിംഗ് : 360 - 420

ബട്ടർ സ്കോച്ച് : 90 - 950

നട്ടി ബബ്ലി- 800 : 1000

റെഡ് വെൽവെറ്റ് : 750 - 900

വാഞ്ചോ : 900 -1200

റെയിൻബോ: 1100 - 1300