omicron

തിരുവനന്തപുരം : സംസ്ഥാനത്ത് നാലു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. നാല് കേസും തിരുവനന്തപുരത്താണ് റിപ്പോർട്ട് ചെയ്തതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യു.കെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യു.കെയിൽ നിന്നെത്തിയ യുവതി (27), നൈജീരിയയിൽ നിന്നെത്തിയ യുവാവ് (32)എന്നിവർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 27 വയസുകാരി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഇവർ ഈമാസം 12നാണ് യു.കെയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ക്വാറന്റൈനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവായത്. 32 വയസുകാരൻ ഡിസംബർ 17ന് നൈജീരിയയിൽ നിന്ന് എത്തിയതാണ്. എയർപോർട്ട് പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ സംസ്ഥാനത്ത് ആകെ 15പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.