p

തിരുവനന്തപുരം: ഓൺലൈനിൽ ഭൂരേഖകളും ഭൂമിയുടെ സ്കെച്ചും ലഭ്യമാക്കുന്ന ഡിജിറ്റൽ സർവേ നടപടികൾക്ക് ഫെബ്രുവരിയോടെ തുടക്കമാകും. ഭൂമിയുടെ രേഖകളെല്ലാം ഡിജിറ്റലാക്കാനും ഭൂവിസ്‌തൃതി സംബന്ധിച്ച ആധികാരിക രേഖ തയ്യാറാക്കാനുമുള്ള ഡിജിറ്റൽ സർവേ നാലുവർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലാണ് സർവേ നടപടികൾ ആരംഭിക്കുക.

സംസ്ഥാനത്ത് 1666 വില്ലേജുകളുള്ളതിൽ 116ൽ ഡിജിറ്റൽ രൂപത്തിലുള്ള ആർ.ടി.കെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സർവേ പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന 1550 വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. റീബിൽഡ് കേരളയുടെ ഭാഗമായി അനുവദിച്ച 807.98 കോടി രൂപ ചെലവിലാണ് സർവേ നടത്തുന്നത്. ഇതിന്റെ ആദ്യഘട്ടമായി 339 കോടി അനുവദിച്ചു കഴിഞ്ഞു.
ആധുനിക സാങ്കേതിക വിദ്യയും ഡ്രോണും ഉപയോഗിച്ചുള്ള സർവേ മാപ്പിംഗ് പൂർണമാകുന്നതോടെ വില്ലേജ് രജിസ്ട്രേഷൻ ഭൂസർവേ വകുപ്പുകളുടെ രേഖകൾ വിവരസാങ്കേതികവിദ്യാ സഹായത്തോടെ സംയോജിപ്പിക്കും. പുഴകളും ജലാശയങ്ങളും കുന്നുകളും ഉൾപ്പെടെ പരിസ്ഥിതി പ്രാധാന്യമുള്ള ഭൂപ്രദേശങ്ങൾ നിർണയിക്കാനാകുന്നതുവഴി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് കൂടി സർവേ പ്രയോജനപ്പെടും. സർവേ ഒഫ് ഇന്ത്യക്കാണ് പദ്ധതിയുടെ നടത്തിപ്പ്.


ഡിജിറ്റൽ സർവേ

ഡ്രോൺ സർവേ, കോർസ് (കണ്ടിന്യുവൽ ഓപ്പറേറ്റിങ് റഫറൻസ് സ്റ്റേഷൻ),ആർ.ടി.ടി (റൗണ്ട് ട്രിപ്പ് ടൈം ) ഇ.ടി.എസ് (ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ) സംവിധാനങ്ങളാണ് ഡിജിറ്റൽ സർവേക്ക് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 28 കോർസ് സ്റ്റേഷനുകൾ സ്ഥാപിച്ച് ഇവയിൽ ലഭിക്കുന്ന സിഗ്‌നൽ അനുസരിച്ചാണ് സ്കെച്ച് രൂപപ്പെടുത്തുന്നത്.

ഉപയോഗങ്ങൾ

കടലാസ് രേഖകൾക്കുപകരം ഓൺലൈനിൽ ഭൂരേഖകളും ഭൂമിയുടെ സ്കെച്ചും ലഭ്യമാകും

റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ കീഴിലുള്ള ഭൂരേഖകൾ ഏകീകരിക്കും

ഭൂമിയുടെ രജിസ്ട്രേഷനൊപ്പം സ്കെച്ചും ഓൺലൈനിൽ ലഭിക്കും

ഭൂരേഖ ഡിജിറ്റൽലോക്കറിൽ സൂക്ഷിക്കാം

ഭാവിയിൽ വസ്തു തർക്കങ്ങളുണ്ടാകാതിരിക്കാൻ പ്രയോജനപ്പെടും


റീസർവേ നടന്നത് 911 വില്ലേജുകളിൽ മാത്രം

സംസ്ഥാനത്ത് 1965 നു ശേഷമാണ് റീസർവേ നടപടികൾ ആരംഭിച്ചത്. 55 വർഷം കൊണ്ട് 911 വില്ലേജുകളിൽ മാത്രമാണ് റീസർവേ പൂർത്തിയാക്കിയത്.