crime

തിരുവനന്തപുരം: കൊലവിളിയുമായി അക്രമികളും ,കുടിപ്പകയുമായി ഗുണ്ടാസംഘങ്ങളും, ലഹരിയൊഴുക്കി മയക്കുമരുന്ന് സംഘങ്ങളും ജനങ്ങളുടെ സ്വൈരജീവിതം തകർക്കുമ്പോഴും രഹസ്യാന്വേഷണത്തിൽ മുടന്തി നീങ്ങുകയാണ് പൊലീസ്. ഗുണ്ടകളെ അമർച്ച ചെയ്യാൻ 'ഓപ്പറേഷൻ കാവൽ' പ്രഖ്യാപിച്ച് രണ്ട് ദിവസമായപ്പോഴാണ് ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം.

അതീവജാഗ്രത പ്രഖ്യാപിച്ച്, പൊലീസ് തലങ്ങുംവിലങ്ങും പായുന്നതിനിടെയാണ് ഇന്നലെ തലസ്ഥാനത്ത് ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടുപേർ വഴിയാത്രക്കാരെ വെട്ടുകയും മിനിലോറിയടക്കം 9 വാഹനങ്ങൾ തകർക്കുകയും ചെയ്തത്. ആയുധങ്ങളുമായി അക്രമിസംഘം റോന്തുചുറ്റുന്നതൊന്നും പൊലീസിന്റെ കണ്ണിൽപ്പെടുന്നില്ല.

സംഘടിത കു​റ്റകൃത്യങ്ങൾ തടയാൻ സ്റ്റേഷൻ തലത്തിൽ വരെ സ്പെഷ്യൽ സ്ക്വാഡുകളും , രാപ്പകൽ ഓപ്പറേഷനും തുടങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലയടക്കം അക്രമപരമ്പരകൾ. ഡിജിപിയുടെ നിർദ്ദേശങ്ങൾ താഴേത്തട്ടിൽ നടപ്പാവുന്നില്ല. ഡിവൈ.എസ്.പിമാരും എസ്.പിമാരും മേൽനോട്ടച്ചുമതല കൃത്യമായി നിർവഹിക്കുന്നില്ല. രഹസ്യാന്വേഷണവിഭാഗം നിർജീവമാണ്. ഇന്റലിജൻസ് മുന്നറിയിപ്പുകൾ പൊലീസും സർക്കാരും ഗൗരവമായി പരിഗണിക്കുന്നില്ല.

ആലപ്പുഴയിൽ ആദ്യകൊലപാതകമുണ്ടായി മണിക്കൂറുകൾക്കകം വരിവരിയായി ആറു ബൈക്കുകളിൽ നഗരത്തിലൂടെ ആയുധങ്ങളുമായെത്തിയ സംഘം രണ്ടാംകൊല നടത്തിയത് പൊലീസിന്റെ ഗുരുതരവീഴ്ചയുടെ തെളിവാണ്. മുൻകരുതലും പരിശോധനകളുമുണ്ടായിരുന്നെങ്കിൽ ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. പാലക്കാട്ട് ഭാര്യയ്ക്കൊപ്പം ബൈക്കിൽ പോയയാളെ വെട്ടിക്കൊന്നതും ,തിരുവനന്തപുരത്ത് കൊലപ്പെടുത്തിയ ആളുടെ കാൽപ്പാദം വെട്ടിയെടുത്ത് ആഘോഷ സവാരി നടത്തിയതും കേരളം ഞെട്ടലോടെയാണ് കണ്ടത്.

ഇങ്ങനെ പോരാ 'കാവൽ'

 സാമൂഹ്യവിരുദ്ധരെയും അക്രമികളെയും ഗുണ്ടകളെയും ജാമ്യത്തിലിറങ്ങിയവരെയും തുടർച്ചയായി സ്‌പെഷ്യൽബ്രാഞ്ച് നിരീക്ഷിക്കുകയും, കുറ്റവാളികളെ ദിവസങ്ങൾക്കകം പിടി കൂടുകയും ചെയ്യുമെന്ന ഡി.ജി.പിയുടെ പ്രഖ്യാപനം നടപ്പാവണം

 മുൻപ് അക്രമങ്ങൾ നടത്തിയിട്ടുള്ളവരുടെ ഡേറ്റാബേസുണ്ടാക്കുകയും സ്ഥിരം കു​റ്റവാളികളെ ഗുണ്ടാനിയമം ചുമത്തി കരുതൽ തടങ്കലിലാക്കുകയും വേണം

 അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നവരെ പിടി കൂടണം. . ഗുണ്ടാ-അക്രമി വേട്ടകൾ ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാവണം

3 ദിവസം കനത്ത ജാഗ്രത: ഡി.ജി.പി

 മൂന്നു ദിവസം മുഴുവൻ പൊലീസിനെയും വിന്യസിക്കും. അടിയന്തര സാഹചര്യത്തിലേ അവധി അനുവദിക്കൂ

രാപ്പകൽ വാഹനപരിശോധന. പ്രശ്നസാദ്ധ്യതാ മേഖലകളിൽ പിക്കറ്റ്. വാറണ്ടുള്ളവരെ പൊക്കാൻ ഓപ്പറേഷൻ

 ക്രിമിനലുകളുടെ പട്ടികയുണ്ടാക്കും. ജാഥകൾക്കും ഉച്ചഭാഷിണി ഉപയോഗത്തിനും നിയന്ത്രണം