
നിരവധി വാഹനങ്ങളും അടിച്ചുതകർത്തു
ബാലരാമപുരം: റസൽപ്പുരത്ത് ബൈക്കിലെത്തിയ ഗുണ്ടാസംഘം വാഹനങ്ങൾ അടിച്ചുതകർത്ത് നാട്ടുകാരെ ആശങ്കയിലാക്കി. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാട്ടാക്കട റോഡിൽ എരുത്താവൂർ ജംഗ്ഷൻ മുതൽ ആരംഭിച്ച ആക്രമണമാണ് റസൽപ്പുരം ജംഗ്ഷൻ വരെ നീണ്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എരുത്താവൂരിൽ വീടിന്റെ ജനൽ ഗ്ലാസുകൾ വെട്ടുകത്തി കൊണ്ട് തകർത്തതിന് പിന്നാലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസും അക്രമികൾ തകർത്തു. ചാനൽപ്പാലം ജംഗ്ഷനിൽ ദിയ മൊബൈൽ ഷോപ്പ് ജീവനക്കാരി റസൽപ്പുരം പറങ്കിമാംവിള വീട്ടിൽ പ്രഭയുടെ ബൈക്ക്, റസൽപ്പുരം റോഡിൽ സിമെന്റ് ഗോഡൗണിന് സമീപം അയൂബ് ആൻഡ് ഗ്രൂപ്പ് കമ്പനിയുടെ രണ്ട് ലോറികൾ, സിമെന്റ് കയറ്റാനെത്തിയ റസൽപ്പുരം സ്വദേശി ഷിജുവിന്റെ മിനി ലോറി, ത്രിവേണി ഗ്രൂപ്പിന്റെ രണ്ട് ലോറികൾ എന്നിവയുടെ ഗ്ലാസുകളും അക്രമികൾ തകർത്തു.
അക്രമം നടക്കുന്നതിനിടെ അതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാരനെ വെട്ടിപ്പരിക്കേല്പിച്ചു. ഇയാളുടെ തോളിലാണ് മുറിവ്.
ഇതുകൂടാതെ വഴിയാത്രക്കാരായ നിരവധിപ്പേരെയും ഇവർ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി. വാഹനങ്ങൾ തകർത്തതിന് പിന്നാലെ സിമെന്റ് ഗോഡൗണിലെ ചുമട്ടുതൊഴിലാളികൾ പിന്തുടർന്നെങ്കിലും അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് ബാലരാമപുരം, മാറനല്ലൂർ സ്റ്റേഷനുകളിൽ നിന്ന് പൊലീസെത്തി. ദിയ മൊബൈൽ ഷോപ്പിൽ നിന്ന് ലഭിച്ച സി.സി ടിവി ദൃശ്യം പൊലീസ് പരിശോധിച്ചു. ബാലരാമപുരം സി.ഐ ബിജുകുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. ഓരോ വാഹനങ്ങൾക്കും 10,000രൂപയുടെ നാശനഷ്ടമുണ്ടായതായി ഡ്രൈവർമാർ അറിയിച്ചു. അക്രമികൾ കഞ്ചാവ് – ഗുണ്ടാ മാഫിയയിലെ അംഗങ്ങളാണെന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു.
ഫോട്ടോ: ബാലരാമപുരം സി.ഐ ബിജുകുമാർ
സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുന്നു