sheik-p-haris

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളിൽ നിന്ന് രാജി വച്ച പാർട്ടിയുടെ മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസും സംസ്ഥാന സെക്രട്ടറിമാരായിരുന്ന വി. രാജേഷ് പ്രേമും അങ്കത്തിൽ അജയകുമാറും സി.പി.എമ്മിലേക്ക്. അപകടകരമായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം നേരിടാൻ പ്രാപ്തമായ പ്രസ്ഥാനമെന്ന നിലയ്ക്ക് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഷേക് പി. ഹാരിസും രാജേഷ് പ്രേമും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉപാധികളില്ലാതെയാണ് ചേരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തി. പാർട്ടി ജില്ലാസമ്മേളനങ്ങൾ ജനുവരി അവസാനം പൂർത്തിയായശേഷം ഔപചാരികസമ്മേളനം വിളിച്ചുചേർത്ത് സി.പി.എമ്മിലേക്ക് ചേക്കേറും.

എൽ.ജെ.ഡിയുടെ ഒരു ജില്ലാ പ്രസിഡന്റും ഏഴ് ‌ജനപ്രതിനിധികളും ഇരുപത്തിയഞ്ചോളം സംസ്ഥാനകമ്മിറ്റി അംഗങ്ങളുമടക്കം ആയിരത്തോളം പ്രവർത്തകർ തങ്ങൾക്കൊപ്പം സി.പി.എമ്മിലെത്തുമെന്നാണ് ഷേക് പി. ഹാരിസിന്റെ അവകാശവാദം.

പാർട്ടിയിലെയും സമൂഹത്തിലെയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ എൽ.ജെ.ഡിയുടെ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ തീർത്തും ദുർബലമാണ്. നാൾക്കുനാൾ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമായിക്കൊണ്ടിരിക്കുന്നു. കൂടുതൽ പേരെ ആകർഷിച്ച് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് പകരം അമീബയെ പോലെ പിളർന്നുകൊണ്ടേയിരിക്കുകയാണ്. കേരളത്തിലടക്കം സോഷ്യലിസ്റ്റ് പാർട്ടികളിൽ കുടുംബ സർവാധിപത്യമാണ്.

ഇടതുമുന്നണിയിൽ സി.പി.എമ്മിൽ നിന്ന് അവഗണനയുണ്ടായിട്ടില്ല. എന്നാൽ തങ്ങളുടെ പാർട്ടി പ്രസിഡന്റ് മറ്റു ചില പ്രസ്ഥാനങ്ങളുടെയും തലപ്പത്തിരിക്കുന്ന ആളെന്ന നിലയിൽ ആ പ്രസ്ഥാനങ്ങളുടെ നയങ്ങളും നിലപാടുകളും പാർട്ടി പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കി. അതേയമയം, എം.പി. വീരേന്ദ്രകുമാറിന് എല്ലാം ബാലൻസ് ചെയ്ത് പോകാൻ സാധിച്ചിരുന്നു.

വി. സുരേന്ദ്രൻ പിള്ളയുടെ സസ്പെൻഷൻ പിൻവലിച്ച് എൽ.ജെ.ഡി നേതൃത്വം തിരിച്ചെടുത്തിട്ടുണ്ടെങ്കിലും അദ്ദേഹം അവിടെ തുടരില്ലെന്നാണ് മനസ്സിലാക്കുന്നത്. കൂടുതൽ കാര്യങ്ങൾ പറയേണ്ടത് അദ്ദേഹമാണ്. നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുണ്ടായ സംഘടനാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്റ് തയാറായില്ല. ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടും അനുയോജ്യ ഇടപെടലുണ്ടായില്ല. ഈ സ്ഥിതിക്കാണ് പാർട്ടി വിട്ടതെന്നും സി.പി.എമ്മിലേക്ക് ചേരാനുള്ള തീരുമാനമറിയിച്ചപ്പോൾ പാർട്ടി ദേശീയ സെക്രട്ടറി ജാവേദ് റാസ അഭിനന്ദനമറിയിച്ചെന്നും ഷേക് പി. ഹാരിസ് പറഞ്ഞു.