
തിരുവനന്തപുരം: റെയിൽവേ മാതൃകയിൽ കെ.എസ്.ആർ.ടി.സി ദീർഘ ദൂര ബസുകളിൽ സിസൺ ടിക്കറ്റ് ഏർപ്പെടുത്തുന്നു. സംസ്ഥാനത്തെ റോഡ് ഗതാഗതം അടിമുടി പരിഷ്കരിച്ച് യാത്രാ സൗഹൃദമാക്കാനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതി പ്രകാരമാണിത്.
സൂപ്പർ ക്ലാസ് ബസുകളിൽ ഉൾപ്പെടെ സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും. ട്രാൻസ്പോർട്ട് ബസുകളുടെ പതിവ് സർവീസ് രീതികൾ മാറ്റുന്ന പദ്ധതിയിൽ ട്രാവൽ കാർഡുകളും ഇറക്കും. നഗരത്തിനുള്ളിലും പുറത്തും വെവ്വേറെ ബസ് സർവീസുകൾ നടത്തുന്നതിനൊപ്പം, രണ്ടിനെയും ബന്ധിപ്പിച്ചുള്ള തിരുവനന്തപുരം മോഡൽ പദ്ധതിയും വ്യാപകമാക്കും.
രണ്ടും മൂന്നും ജില്ലകൾ കടന്ന് യാത്ര ചെയ്യുന്ന ജീവനക്കാർക്ക് സീസൺ ടിക്കറ്റ് ഏറെ ഗുണമാകും. ട്രെയിൻ ഗതാഗതമില്ലാത്ത സ്ഥലങ്ങളിലുള്ളവർ ഫാസ്റ്റ് പാസഞ്ചറിലോ സൂപ്പർഫാസ്റ്റിലോ ദിവസവും ടിക്കറ്റെടുക്കണം. അവധി ദിവസങ്ങളിലൊഴികെ ട്രാൻസ്പോർട്ട് ബസുകളെ ആശ്രയിക്കുന്നവരിൽ 60 ശതമാനവും സ്ഥിരം യാത്രക്കാരാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. ഓർഡിനറി ബസുകളിലെ യാത്രക്കാരെ ആകർഷിക്കാനാണ് ട്രാവൽ കാർഡുകൾ. റീ ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന തരം കാർഡുകളാകും ഇത് .സീസൺ ടിക്കറ്റ് ചാർജ് സാധാരണ നിരക്കിനെക്കാൾ 20% കുറവായിരിക്കും.
തിരുവനന്തപുരത്ത് പദ്ധതി പൂർത്തിയായ ശേഷം കൊച്ചി നഗരത്തിലും, തുടർന്ന് എല്ലാ ജില്ലകളിലും നടപ്പിലാക്കും.
തലസ്ഥാന മോഡൽ
തലസ്ഥാന നഗരത്തിൽ നടപ്പിലാക്കിയ സിറ്റി സർക്കുലർ പദ്ധതിയും അതിന്റെ തുടർച്ചയായ സിറ്റി പെരിഫറൽ, സിറ്റി റേഡിയൽ, സിറ്റി ഫീഡർ സർവീസുകൾ കൂടി ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി. തിരുവനന്തപുരത്ത് രണ്ടു മാസം കൊണ്ട് ഈ സർവീസുകളെല്ലാം ആരംഭിക്കും.14 ജില്ലകളിലും രണ്ടു വർഷം കൊണ്ട് പദ്ധതി പൂർത്തിയാകും. നിലവിൽ ബസ് സർവ്വീസ് ഇല്ലാത്ത സസ്ഥാനത്തെ എല്ലാ റൂറൽ പ്രദേശങ്ങളിലും ഈ പദ്ധതിപ്രകാരം ബസുകൾ ഓടിത്തുടങ്ങും.
സീസൺ ടിക്കറ്റ്
വരുമ്പോൾ
₹കൊട്ടാരക്കര തിരുവനന്തപുരം
ഒരു മാസത്തെ ടിക്കറ്റിന് -4980 രൂപ
₹20% കുറയുമ്പോൾ -3984രൂപ
₹ ലാഭം -996 രൂപ