തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ ആരംഭിച്ച നില്പ് സമരം രണ്ടാഴ്ചയാകുമ്പോഴും സമരം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ നടത്താതെ തണുപ്പൻ മട്ടിൽ ആരോഗ്യവകുപ്പ്.
അതേസമയം സമരം കടുപ്പിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ശമ്പളപരിഷ്കരണത്തിൽ വെട്ടിക്കുറച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ സമര രംഗത്തുള്ളത്. വിഷയം ധനവകുപ്പിന്റെ പരിഗണനയിലാണെന്നും ഉടൻ ഇത് സംബന്ധിച്ച ഉത്തരവിറങ്ങുമെന്നും ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും ഇതുവരെയും വ്യക്തത വന്നിട്ടില്ല. രോഗികളെ ബുദ്ധിമുട്ടിക്കാത്തവിധം നടത്തുന്ന സമരം ശക്തമാക്കേണ്ടിവരുമെന്ന് ഡോക്ടർമാർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ ഉൾപ്പെടെ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഡോക്ടർമാർ ജനുവരി 18ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും.
ജനുവരി ഒന്നു മുതൽ പ്രതിഷേധത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പുതിയ പദ്ധതി നിർവഹണം, കായകല്പം, എൻ.ക്യൂ.എ.എസ് പ്രവർത്തനം എന്നിവ ബഹിഷ്‌കരിക്കും. നാലിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്താനും ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.