
തിരുവനന്തപുരം: മെഡിക്കൽകോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ നവീകരിച്ച പ്രധാന റോഡിലുള്ള ഡിവൈഡർ രോഗികൾക്കും മറ്റ് യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന പരാതിയിൽ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. അത്യാഹിത വിഭാഗത്തിലെ കവാടം പ്രധാന റോഡിലാക്കുന്നതും പരിശോധിക്കണം. ട്രാഫിക് നോർത്ത് പൊലീസ് അസി. കമ്മിഷണർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
അത്യാഹിത വിഭാഗത്തിലെ പ്രധാന കവാടം മുതൽ ഐലൻഡ് വരെ നീളുന്ന ഡിവൈഡറാണ് ആംബുലൻസ് അടക്കമുള്ള വാഹനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നത്. വലിയ കോൺക്രീറ്റ് കട്ടകളാണ് ഇവിടെ ഡിവൈഡറായി നിരത്തിയിരിക്കുന്നത്. കട്ടകളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കാരണം ഗതാഗത കുരുക്ക് രൂക്ഷമാണ്. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ കാഷ്വാലിറ്റിക്ക് മുന്നിൽ ഗതാഗത കുരുക്കിൽ പെടുന്നത് പതിവാണ്. ഡിവൈഡർ മാറ്റിയാൽ ആംബുലൻസുകൾക്ക് വലത്തോട്ട് തിരിഞ്ഞ് കാഷ്വാലിറ്റിയിലേക്ക് കയറാനാകും.