
മലയിൻകീഴ് :കടബാദ്ധ്യതയെ തുടർന്ന് സംരഭക ഹോളോ ബ്രിക്സ് കമ്പിനിയിലെ ഷെഡിൽ ജീവനൊടുക്കി.
വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർ ലോക് കമ്പനി ഉടമ രാജിശിവ (47)നെയാണ് സ്വന്തം സ്ഥാപനത്തിന്റെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ പുലർച്ചെ 5.30ന് കണ്ടെത്തിയത്.
58 ലക്ഷം രൂപയുടെ കടബാദ്ധ്യതയുണ്ടെന്നും അതാവാം ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ഭർത്താവ് ശിവൻ പൊലീസിൽ നൽകിയ മൊഴി. ശിവനാണ് രാജിയെ തൂങ്ങിയ നിലയിൽ ആദ്യം കണ്ടത്. ഉടൻ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. കമ്പനിയോട് ചേർന്നാണ് ഇവരുടെ വീട്. ഭാര്യയും ഭർത്താവും ഒന്നിച്ചാണ് കമ്പനി നടത്തിയിരുന്നത്. വിളപ്പിൽശാല കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന ഡോ.എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകിയവരുടെ കൂട്ടത്തിൽ രാജിയുമുണ്ടായിരുന്നു. ആകെയുള്ള 74 സെന്റ് സ്ഥലത്തിൽ 24 സെന്റ് സർവകലാശാലയ്ക്ക് 2020ൽ രാജി വിട്ടുനൽകി പ്രമാണവും കൈമാറിയെങ്കിലും രജിസ്ട്രേഷൻ നടന്നില്ല.സെന്റിന് 4.75 ലക്ഷം രൂപ സർക്കാർ വിലയും നിശ്ചയിച്ചിരുന്നു.
ഹോളോബ്രിക്സ് കമ്പനി നടത്തിപ്പിനായി രാജിശിവൻ കേരള ഫിനാൻസ് കോർപ്പറേഷൻ വെള്ളയമ്പലം ശാഖയിൽ നിന്ന് 58 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 25 ലക്ഷം രൂപ തിരിച്ചടച്ചെങ്കിലും കൊവിഡ് കാലത്ത് കമ്പനി പ്രവർത്തിക്കാത്തതിനെ തുടർന്ന് വായ്പ തിരിച്ചടവ് മുടങ്ങി. കുടിശിക ഭീമമായതോടെയാണ് 74 സെന്റ് സ്ഥലവും വിറ്റ് കടം തീർക്കാൻ രാജിയും ഭർത്താവും തീരുമാനിച്ചിരുന്നു.
ഒറ്റത്തവണയായി 30 ലക്ഷം രൂപ നൽകിയാൽ വായ്പ അടച്ചുതീർക്കാമെന്ന് കേരള ഫിനാൻസ് കോർപ്പറേഷൻ അധികൃതർ രാജിയെ അറിയിച്ചു. സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ പണം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ വായ്പ അടച്ചു തീർക്കാമെന്ന് നാലുമാസം മുൻപ് രാജി ശിവൻ ബാങ്ക് അധികൃതക്ക് ഉറപ്പ് നൽകി കരാർ ഒപ്പിട്ടു.കരാർ കാലാവധി 31 ന് അവസാനിക്കും.സാങ്കേതിക സർവകലാശാലയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ 50 ഏക്കർ ഭൂമി മാത്രം ഏറ്റെടുക്കാൻ മൂന്നു മാസം മുൻപ് സർക്കാർ തീരുമാനിച്ചിരുന്നു.അതോടെ ഭൂമി ആദ്യം ഏറ്റെടുത്തതിൽ ഉൾപ്പെട്ട രാജിശിവൻ പട്ടികയിൽ നിന്ന് പുറത്തായി.ആധാരമുൾപ്പെടെ സകല രേഖകളും സർക്കാരിന് നൽകിയതിനാൽ ബാങ്ക് ലോണെടുക്കാനോ,ഭൂമി മറ്റാർക്കെങ്കിലും വിൽക്കാനോ കഴിയാത്ത സ്ഥിതിയായി.ഇതോടെ രാജി മാനസികമായി തകർന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു.ഇക്കാരണത്താലായിരിക്കാം ആത്മഹത്യ ചെയ്തെന്നാണ് നിഗമനം.രാജിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക മകൻ പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ വിദ്യാർത്ഥി ശ്രീശരൺ.