ksrtc

തിരുവനന്തപുരം: ശമ്പളവിതരണം മുടങ്ങുന്നതിലുള്ള പ്രതിഷേധം കനക്കുന്നതിനിടെ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിന് മാത്രം ശമ്പളം നൽകി. ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ജീവനക്കാർ ജോലിക്ക് ഹാജരാകാതിരിക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് ഓപ്പറേറ്റിംഗ് വിഭാഗത്തിന് മാത്രമായി ശമ്പളം നൽകിയത്. ദിവസവരുമാനത്തിൽ നിന്നും 40 കോടി രൂപയാണ് ശമ്പളം നൽകാൻ മാറ്റിവച്ചത്. സർക്കാർ സഹായം ഇനിയും ലഭിച്ചിട്ടില്ല.

മെക്കാനിക്കൽ, മിനിസ്റ്റീരിയിൽ, സൂപ്പർവൈസറി വിഭാഗം ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ല. ഇതിനായി 29 കോടി രൂപ കൂടി വേണം. അലവൻസുകൾ ഉൾപ്പടെ മുഴുവൻ ശമ്പളവിതരണത്തിന് 84 കോടി രൂപയാണ് വേണ്ടത്. ഡീസലിന് തുക അടയ്ക്കുന്നത് കുറച്ചുകൊണ്ടാണ് ശമ്പളം നൽകിയത്. അതേസമയം ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് ജീവനക്കാർക്കിടയിലെ പ്രതിഷേധം കനക്കുകയാണ്. ഡ്യൂട്ടി ബഹിഷ്‌കരിച്ച് ബസ് മുടക്കരുതെന്ന് സംഘടനകൾ ജീവനക്കാരോട് ആഭ്യർത്ഥിച്ചിട്ടുണ്ട്. ശമ്പളം കിട്ടാത്തതിനെ തുടർന്ന് നിരവധി ഡ്രൈവർമാരും കണ്ടക്ടർമാരും അവധിയിൽ പോയിരുന്നു. പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പെൻഷൻകാരുടെ സംഘടനകൾ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി.