ljd

തിരുവനന്തപുരം: വിമതനീക്കത്തിന് നേരത്തേ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട മുൻ സംഘടനാ ജനറൽ സെക്രട്ടറി ഷേക് പി.ഹാരിസടക്കം മൂന്നു സംസ്ഥാന നേതാക്കൾ പാർട്ടി വിട്ട് സി.പി.എമ്മിലേക്ക് പോകാൻ തീരുമാനിച്ചതിനു പിന്നാലെ പുതിയ സാഹചര്യങ്ങൾ ചർച്ചചെയ്യാനായി ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി യോഗം പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ വിളിച്ചു. ഈ മാസം 27ന് ഉച്ചതിരിഞ്ഞും 28ന് മുഴുവൻ ദിവസവുമാണ് കൊച്ചിയിൽ യോഗം ചേരുക.

ഷേക് പി.ഹാരിസും കൂട്ടരും പാർട്ടി വിട്ടുപോയത് പ്രതിസന്ധിയാവില്ലെന്നാണ് നേതൃത്വത്തിന്റെ വാദം. കൂടെ നിരവധി പേർ പോകുമെന്ന ഇവരുടെ അവകാശവാദം പൊള്ളയാണ്. പാർട്ടിക്ക് ഈ വിട്ടുപോകൽ ക്ഷീണമുണ്ടാക്കില്ലെന്നും നേതൃത്വം പറയുന്നു. ഷേകിന്റെ വിട്ടുപോകലടക്കമുള്ള വിഷയങ്ങൾ സൃഷ്ടിച്ച വിവാദങ്ങളെ മറികടക്കാനായി പാർട്ടിയുടെ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊള്ളും. കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾക്കടക്കം യോഗം രൂപം നൽകും.

ഷേക് പി. ഹാരിസിനൊപ്പം വിമതയോഗങ്ങൾക്ക് നേതൃത്വം നൽകുകയും പരസ്യപ്രതികരണം നടത്തുകയും ചെയ്തതിന് സസ്പെൻഷനിലായിരുന്ന മറ്റൊരു മുൻ സംസ്ഥാന ജനറൽസെക്രട്ടറി വി. സുരേന്ദ്രൻ പിള്ളയ്ക്കെതിരായ സസ്പെൻഷൻ നടപടി പാർട്ടി നേതൃത്വം പിൻവലിച്ചിരുന്നു. സുരേന്ദ്രൻ പിള്ള നേരിട്ട് ഒത്തുതീർപ്പ് ചർച്ചകൾക്ക് തയ്യാറായ സാഹചര്യത്തിലായിരുന്നു ഇത്. സുരേന്ദ്രൻ പിള്ളയ്ക്ക് നൽകുന്ന പാർട്ടി പദവിയടക്കം സംസ്ഥാനകമ്മിറ്റി തീരുമാനിക്കും.