kallumala

മലയിൻകീഴ്: കുടുംബത്തെ അത്രമേൽ സ്നേഹിച്ചിരുന്നയാളും കഠിനാദ്ധ്വാനിയുമായ രാജിയുടെ ആത്മഹത്യ ഞെട്ടലോടെയാണ് കല്ലുമല നിവാസികൾ കേട്ടത്. നാട്ടുകാരോടും വളരെയധികം സൗഹൃദം പുലർത്തിയിരുന്ന ഈ സംരംഭകയുടെ മരണം ഇനിയും ആർക്കും ഉൾക്കൊള്ളാൻ പറ്റിയിട്ടില്ല. വീടിന്റെ വിളക്കായിരുന്ന രാജിയുടെ വിടവാങ്ങലിൽ ചേതനയറ്റ് കഴിയുകയാണ് ഭർത്താവും മകനുമടങ്ങുന്ന കുടുംബം. 12 വർഷം മുമ്പാണ് രാജി വിളപ്പിൽശാല കല്ലുമലയിൽ ഹോളോബ്രിക്സ് നിർമ്മിക്കുന്ന കമ്പനി ആരംഭിക്കുന്നത്. സഹായത്തിന് ഭർത്താവ് ശിവനുമുണ്ടായിരുന്നു.

വളരെ വേഗത്തിൽ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനിയിൽ പിന്നീട് ഇന്റർ ലോക്ക് നിർമ്മാണവും ആരംഭിച്ചു. സ്ഥാപനം തുടങ്ങാനായി വാങ്ങിയ കടം ശാസ്ത്ര സാങ്കേതിക സർ‌വകലാശാലയ്ക്കായി വിട്ടുനൽകിയ 24 സെന്റ് സ്ഥലത്തിനുള്ള നഷ്ടപരിഹാരം കിട്ടുമ്പോൾ തിരിച്ചടയ്ക്കാം എന്നായിരുന്നു ഇവരുടെ പ്രതീക്ഷ. അത് ലഭിക്കാതെ വന്നതോടെ ശിവന്റെ പേരിലുള്ള 7 സെന്റ് സ്ഥലം വിറ്റ് കടംതീർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വെള്ളനാട് കെ.എഫ്.സിയിൽ 10 ലക്ഷത്തിന്റെ ചിട്ടി നറുക്കുവീണു. എന്നാൽ സുഹൃത്തിന്റെ സ്ഥലം ഈട് നൽകി ചിട്ടി പിടിക്കാൻ നടന്ന ശ്രമവും പരാജയപ്പെട്ടു. 10 ലക്ഷം ചിട്ടി 6 ലക്ഷത്തിനാണ് പിടിക്കാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ തുക ലഭിച്ചതുമില്ല ജീവനക്കാർ കളിയാക്കി മടക്കി അയയ്ക്കുകയും ചെയ്തതോടെ രാജി മാനസികമായി തകർന്നെന്ന് ശിവൻ പറയുന്നു.

ശനിയാഴ്ച വായ്പ നൽകിയ ആൾ വീട്ടിലെത്തി മോശമായി സംസാരിച്ചതായും വിവരമുണ്ട്. എന്നാൽ ഇക്കാര്യം ഭർത്താവിന് അറിയില്ല. ഞായറാഴ്ച രാത്രി ഏറെ സന്തോഷവതിയായിരുന്നു രാജിയെന്നും ശിവൻ പറയുന്നു. പുലർച്ചെ ഉണർന്നപ്പോൾ രാജിയെ കാണാതായതോടെ പാൽ വാങ്ങാൻ പോയതാകുമെന്നാണ് ആദ്യം കരുതിയത്. അന്വേഷണിനൊടുവിലാണ് ഹോളോബ്രിക്സ് കമ്പനിയുടെ ഷെഡിൽ രാജി തൂങ്ങിനിൽക്കുന്നത് ശിവൻ കണ്ടത്.