photo

നെടുമങ്ങാട്: 41.60 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന നെടുമങ്ങാട് - അരുവിക്കര - വെള്ളനാട് റോഡിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി അരുവിക്കര സർക്കാർ ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത തദ്ദേശ ജനപ്രതിനിധികളുടെയും കിഫ്‌ബി, പി.ഡബ്ലിയു.ഡി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു എം.എൽ.എ.സ്ഥലമെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ പരിഹരിച്ചു. 10 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക.കുളക്കോട് - അരുവിക്കര ഡാം - മുള്ളിലവിൻമൂട് ഭാഗത്ത് ഒരു റീച്ച് പണിയാണ് ഒന്നാംഘട്ടത്തിൽ ആരംഭിക്കുന്നത്.മഞ്ച- നെടുമങ്ങാട് - ചന്തമുക്ക് ഭാഗത്ത് രണ്ടാംഘട്ടം നിർമ്മാണവും നടക്കും.ഐ.എസ്.ആർ.ഓയിലേക്കുള്ള ശുദ്ധജല പൈപ്പുകൾ കടന്നുപോകുന്ന കരുമരക്കോട് - വെള്ളൂർക്കോണം ഭാഗത്ത് വാട്ടർ അതോറിട്ടി പൈപ്പ് മാറ്റിയ ശേഷമായിരിക്കും റോഡ് നിർമ്മാണം ആരംഭിക്കുക. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും ഓടയും നടപ്പാതയും നിർമ്മിക്കാനും സ്ഥലം പ്രത്യേകം ഏറ്റെടുക്കും. കിഫ്‌ബി എക്സിക്യുട്ടീവ് എൻജിനിയർ ജീജാഭായി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കളത്തറ മധു, ഷീലാകുമാരി,ബ്ലോക്ക് മെമ്പർ ഹരിലാൽ, ശ്രീകണ്ഠൻ, ഗീതാ ഹരികുമാർ, ഡെപ്യുട്ടി തഹസിൽദാർ മോഹനൻ നായർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.റോഡിന്റെ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലെ സ്ഥലമെടുപ്പ് മന്ത്രി അഡ്വ.ജി.ആർ അനിലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി തടസ്സങ്ങൾ പരിഹരിച്ചതിന് പിന്നാലെയാണ് അരുവിക്കര മണ്ഡലത്തിലെ സ്ഥലമെടുപ്പും യഥാർത്ഥ്യമാകുന്നത്. അഞ്ച് വർഷമായി കടലാസിൽ ഒതുങ്ങിയ പദ്ധതിയാണ് ഒടുവിൽ നടപ്പിലാക്കുന്നത്.