
വിതുര∙ തെരുവ് മൂല നാടകം കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ച് എറണാകുളം മുളന്തുരുത്തി ‘ആല’ ബദൽ വിദ്യാഭ്യാസ കേന്ദ്രത്തിലെ അംഗങ്ങൾ. വിതുര ഗവ. വി.എച്ച്.എസ്.എസ്, വിതുര ഗവ. യു.പി.എസ് എന്നിവിടങ്ങളിലാണ് നാടകം അവതരിപ്പിച്ചത്.
വിദ്യാർത്ഥികൾക്കിടയിൽ ശാരീരിക, മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി ആരംഭിച്ച ‘ആരോഗ്യ നികേതനം’ പദ്ധതിയുടെ ഭാഗമായി എച്ച്.എൽ.എൽ ലൈഫ് കെയർ, ഹിന്ദുസ്ഥാൻ മാനേജ്മെന്റ് അക്കാഡമി (എച്ച്.എം.എ) എന്നിവയുടെ സഹകരണത്തോടെയാണ് ‘ആല’ അംഗങ്ങൾ തെരുവ് മൂല നാടകം അവതരിപ്പിക്കുന്നത്. വയനാട്, തിരുവനന്തപുരം, ജില്ലകളിലെ തിരഞ്ഞെടുത്ത സ്കൂളുകളിലാണ് അവതരണം.
നാൽപത് മിനിറ്റ് നാടക അവതരണവും അതിന് ശേഷം അര മണിക്കൂർ സംവാദവും നടന്നു. ‘ആല’ ബദൽ വിദ്യാഭ്യാസ കേന്ദ്രം പ്രതിനിധി മനു ജോസിന്റെ നേതൃത്വത്തിലായിരുന്നു അവതരണം. വർഷ വത്സൻ, എം. ശ്രുതി, എ. ഫെബിന ഷിറിൻ, ആദിൽ മുഹമ്മദ്, ഡോൺ ബാബു, അജിത് സോമൻ, അക്ഷയ് ദേവ്, പി.ബി. നന്ദു, മനു ജോസ് എന്നിവർ കഥാപാത്രങ്ങളായി. സംഗീത വിഭാഗം വിശാഖ് ഭാസിയും ഡോക്യുമെന്റേഷൻ ടി.എസ്. പ്രിയ, എ.എസ്. സുനതി എന്നിവരും കോ ഓർഡിനേഷൻ എം. ശ്രുതിയും കൈകാര്യം ചെയ്തു.