
വക്കം: കൊവിഡ് മഹാമാരി അപ്രതീക്ഷിത പ്രഹരമായി മാറിയത് കുരുന്നുകൾക്കാണ്. കഴിഞ്ഞ രണ്ടു വർഷമായി വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിട്ടിരിക്കുന്ന കുരുന്നുകൾക്ക് പുത്തൻ അനുഭവം നൽകുകയാണ് കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ കെ.ജി. വിഭാഗത്തിൽ ഒരുക്കിയ "സ്നേഹപൂർവ്വം ടീച്ചറമ്മ" എന്ന പ്രോഗ്രാം. ഒരു ക്ലാസ്സിൽ നിന്നും അഞ്ചു കുട്ടികൾക്ക് മാത്രമാണ് രക്ഷിതാവിനൊപ്പം ഒരു ദിവസം ഒരു മണിക്കൂർ സ്കൂളിലെത്തി അദ്ധ്യാപകരുമൊത്ത് ചെലവിടാൻ കഴിയുന്നത്. വിശേഷങ്ങൾ പങ്കിടുന്നതോടൊപ്പം ഓൺലൈൻ വഴി പഠിച്ച കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും അവസരമുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒരു പോലെ വ്യത്യസ്തമായ ഒരു അനുഭവം ആയി മാറുകയാണ് ഈ പ്രോഗ്രാം. കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, ചെയർമാൻ എ. നഹാസ്, കൺവീനർ യു. അബ്ദുൽകലാം, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ. മീര, കെ.ജി വൈസ് പ്രിൻസിപ്പൽ ഗിരിജാരാമചന്ദ്രൻ, സുനിത. ആർ. നായർ എന്നിവർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകി.