ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസുമായി ബന്ധപ്പെട്ട് കൊല്ലമ്പുഴ തിരുവാറാട്ടുകാവ് ക്ഷേത്രഭാഗത്ത് ഫ്ലൈഓവർ നിർമ്മിക്കണമെന്ന് അടൂർ പ്രകാശ് എം.പി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റ വശത്തുകൂടിയാണ് ബൈപ്പാസ് കടന്നുപോകുന്നത്. ബൈപ്പാസുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ ചില മേഖലകളിൽ ബുദ്ധിമുട്ടുണ്ടാകുന്നതായി ദേവസ്വം ബോർഡും ക്ഷേത്ര ഭാരവാഹികളും അറിയിച്ചിരുന്നു. ഇതേക്കുറിച്ച് ദേശീയപാതാ പ്രോജക്ട് ഡയറക്ടറുമായി എം.പി ചർച്ച നടത്തി.
അലൈൻമെന്റ് മാറ്റുന്നതിന് അധികൃതർ ബുദ്ധിമുട്ട് അറിയിച്ചതിനാൽ ക്ഷേത്ര ഭാഗത്ത് ക്ഷേത്രത്തിനു ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ 500 മീറ്ററിൽ എലിവേറ്റെഡ് ഫ്ലൈഓവർ നിർമിച്ചാൽ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന് എം.പി കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. പ്രശ്‌നം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയപാതാ അധികൃതർക്ക് നിർദ്ദേശം നൽകാമെന്ന് മന്ത്രി എം.പിക്ക് ഉറപ്പുനൽകി.
ആറ്റിങ്ങൽ ബൈപ്പാസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച 3ഡി നോട്ടിഫിക്കേഷനിൽ വിട്ടുപോയ സർവേ നമ്പരുകൾ ഉൾപ്പെടുത്തി നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും എം.പി പറഞ്ഞു. എൻ.എച്ച് 66ന്റെ കടമ്പാട്ടുകോണം - കഴക്കൂട്ടം ഭാഗത്ത് ആറുവരിപ്പാതയ്‌ക്ക് സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള തുടർപ്രവൃത്തികൾ ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കുമെന്ന് പാർലിമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകിയെന്നും എം.പി അറിയിച്ചു.