ആറ്റിങ്ങൽ: നഗരത്തിലെ ഖരമാലിന്യ സംസ്കരണത്തിന് ബയോ മൈനിംഗ് യന്ത്ര സംവിധാനം ഉപയോഗിക്കാൻ പദ്ധതി തയാറാക്കി. നിലവിൽ ചവറ് സംസ്കരണ തൊഴിലാളികളാണ് മാലിന്യങ്ങൾ വേർതിരിക്കുന്നത്. പ്രതിദിനം 14 മുതൽ 16 ടൺ വരെ മാലിന്യം നഗരസഭ ശുചീകരണ വിഭാഗം പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കാറുണ്ട്. ഇതിൽ ജൈവ അജൈവ മാലിന്യങ്ങളോടൊപ്പം പ്ലാസ്റ്റിക്ക്, വിവിധയിനം ലോഹങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

ബയോ മൈനിംഗ് മെഷീന്റെ പ്രവർത്തനം യാഥാർത്ഥ്യമാകുന്നതോടെ ഖര മാലിന്യങ്ങളും പാഴ് വസ്തുക്കളും ഈ യന്ത്രത്തിലൂടെ കടത്തിവിട്ട് വേർതിരിച്ച് ശേഖരിക്കാനും അനായാസം സംസ്കരിക്കാനും കഴിയും. ഇതോടെ പഴകിയ മാലിന്യങ്ങൾ തരം തിരിക്കുന്നതിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കാനും അവരുടെ ആരോഗ്യ സംരക്ഷിക്കാനും സാധിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പറഞ്ഞു.