വർക്കല: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല നഗരസഭ ശുചീകരണങ്ങളടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നു. ഇത്തവണയും ഹരിതചട്ടം പാലിച്ചാണ് തീർത്ഥാടനം നടത്തുന്നത്. അതിനുള്ള ഒരുക്കങ്ങളും നഗരസഭ നടത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി നഗരസഭാ ചെയർമാൻ കെ.എം. ലാജി അറിയിച്ചു. റോഡുകൾക്ക് ഇരുവശവുമുള്ള കുറ്റിക്കാടുകൾ വെട്ടിവൃത്തിയാക്കി മാലിന്യങ്ങൾ നീക്കംചെയ്തു.
കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമായി പ്രവർത്തിച്ചുവന്ന ശിവഗിരി കൺവെൻഷൻ സെന്റർ അണുനശീകരണം നടത്തി മഠത്തിന് തിരികെ നൽകി. പ്രവേശനകവാടത്തിൽ തീർത്ഥാടകരെ തെർമൽ സ്കാനിംഗ് നടത്തുന്നതിന് സൗകര്യമേർപ്പെടുത്തും.
തീർത്ഥാടന ദിവസങ്ങളിൽ 8 മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥരെയും ശുചീകരണ ജീവനക്കാരെയും നിയോഗിക്കും. ഹരിത ചട്ടം ഉറപ്പാക്കുന്നതിന് സ്കൂളുകളിലെയും കോളേജുകളിലെയും എൻ.എസ്.എസ് വോളന്റിയർമാരെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും നിയോഗിക്കും.
നഗരസഭാ പരിധിയിൽ പ്രവർത്തനരഹിതമായിരുന്ന 700 ഓളം തെരുവ് വിളക്കുകൾ മാറ്റി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. അവശേഷിച്ചവയും മാറ്റി സ്ഥാപിക്കും. പ്രവർത്തനരഹിതമായ 15 ഓളം ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. തീർത്ഥാടനത്തിന് താമസസൗകര്യമൊരുക്കിയിട്ടുള്ള ശിവഗിരി ഹൈസ്കൂൾ ഗ്രൗണ്ടിലും മറ്റും താത്കാലിക ടോയ്‌ലെറ്റുകളും ഏർപ്പെടുത്തും. നഗരസഭയുടെ ഹരിത മാനദണ്ഡങ്ങളോട് ഏവരും സഹകരിക്കണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു.