
വർക്കല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ പാത്രക്കുളം ജീർണാവസ്ഥയിലായിട്ടും നവീകരണ പ്രവർത്തനങ്ങൾ നടത്താൻ ദേവസ്വം ബോർഡിന് കഴിയുന്നില്ല. വർക്കല ക്ഷേത്രം ജംഗ്ഷനായ ആൽത്തറ മൂട്ടിൽ നിന്ന് പാപനാശത്തേക്ക് പോകുന്ന പ്രധാന റോഡിൽ ചക്രതീർത്ഥക്കുളത്തിനോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്താണ് രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന പാത്രക്കുളമുള്ളത്. ചക്രതീർത്ഥക്കുളത്തിലെ വെള്ളം ക്രമീകരിച്ച് നിറുത്തുന്നത് ഈ കുളമാണ്.ചക്രതീർത്ഥക്കുളത്തിൽ നിന്നുള്ള വെള്ളം പാത്രക്കുളത്തിലെത്തുകയും അവിടെനിന്ന് ചാലിലൂടെ കടലിലേക്കുമാണ് ഒഴുകുന്നത്.
2015-ൽ ചക്രതീർത്ഥക്കുളം നവീകരണത്തിന്റെ ഭാഗമായി അതിനോടനുബന്ധിച്ച് പാത്രക്കുളവും സംരക്ഷിക്കാൻ നടപടി സ്വീകരിച്ചു. നാലുവശവും കെട്ടുകയും പടിക്കെട്ടുകൾ നിർമ്മിക്കുകയും ചെയ്തു. കുളവും വൃത്തിയാക്കി.എന്നാൽ നവീകരണം പൂർത്തിയാക്കാത്തതിനാൽ തുടർ സംരക്ഷണമില്ലാതെ വീണ്ടും നശിച്ചുതുടങ്ങി. നിരവധി തവണ ഭക്തജനങ്ങളും വിവിധ സംഘടനകളും പാത്രക്കുളം നവീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
ചരിത്രപ്രധാന്യമുള്ള പാത്രക്കുളം
ചക്രതീർത്ഥക്കുളത്തിന്റെ കരയിലായിരുന്നു ഹോമപ്പുരയും ഊട്ടുപുരയും ഉണ്ടായിരുന്നത്. രാജാവിന്റെ കാലത്ത് ഹോമം കഴിഞ്ഞ് ഊട്ടുപുരയിലാണ് അന്നദാനം നടത്തിയിരുന്നത്.ഊട്ടുപുരയിൽ ഉപയോഗിക്കുന്ന വലിയ ഉരുളികളും പാത്രങ്ങളുമുൾപ്പെടെ കഴുകിവൃത്തിയാക്കുന്നതിനാണ് ചെറിയ കുളം ഉപയോഗിച്ചിരുന്നത്. അങ്ങനെയാണ് പാത്രക്കുളമെന്ന പേരുവന്നത്.കാലക്രമേണ ഊട്ടുപുര ഇല്ലാതാകുകയും അന്നദാനം നിലയ്ക്കുകയും ചെയ്തതോടെ പാത്രക്കുളവും കാലഹരണപ്പെട്ടു.
നിലവിലെ സാഹചര്യം
കുളത്തിന് ചുറ്റും കുളത്തിനകത്തും കാടുമൂടിയ നിലയിൽ
യാത്രക്കാർ വലിച്ചെറിയുന്ന കുപ്പികളും മാലിന്യങ്ങളും കാരണം കുളത്തിലെ വെള്ളം മലിനമായി
രാജഭരണകാലത്തുൾപ്പെടെ ഉപയോഗിച്ചിരുന്ന കുളമായതിനാൽ സംരക്ഷിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല
ദേവസ്വം വകുപ്പിന്റെ പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ മുൻവശത്തുതന്നെ സ്ഥിതിചെയ്യുന്ന കുളം കൊതുക് വളർത്തൽ കേന്ദ്രമായി മാറി
പ്രതികരണം- വർക്കല ക്ഷേത്രത്തിലെ പാത്രക്കുളം നവീകരിക്കുന്നതിനുള്ള നടപടികൾ ദേവസ്വം വകുപ്പ് അടിയന്തരമായി സ്വീകരിക്കണം. (കെ.വിവേകാനന്ദൻ പൊതുപ്രവർത്തകൻ.)