തിരുവനന്തപുരം: കുടുംബത്തിലെ പരിമിതികളും ബന്ധുക്കളുടെയും വീട്ടുകാരുടെയും സമ്മർദ്ദവും മൂലം പലപ്പോഴും സ്ത്രീകൾക്ക് അവർ ആഗ്രഹിച്ച് നേടിയ ജോലി ഉപേക്ഷിക്കേണ്ടി വരാറുണ്ടെന്നും സ്വന്തമായ ഒരു തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിന് പോലും സ്ത്രീകൾക്ക് അവസരം ലഭിക്കാറില്ലെന്നും ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. കേരള നോളജ് ഇക്കണോമി മിഷൻ കരിയർ ബ്രേക്കായ വനിതകൾക്കായി സംഘടിപ്പിച്ച തൊഴിൽമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.

പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ സംഘടിപ്പിച്ച മേളയിൽ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു. വി.സി അദ്ധ്യക്ഷയായി. എ.പി.ജെ. അബ്ദുൾകലാം ടെക്‌നോളജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ രാജശ്രീ. എം.എസ്, കേരള നോളജ് ഇക്കണോമി മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. മധുസൂദനൻ. സി, എം. സലീം, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ എം.അബ്ദുൾ റഹ്മാൻ, കെ ഡിസ്‌ക് മാനേജ്‌മെന്റ് എക്സിക്യുട്ടീവ് ഡയറക്ടർ സജിത പി.പി, പ്രയാണ സി.ഇ.ഒ ഡോ. ചന്ദ്രവദന, വുമൺ ഇൻക്ലുസീവ് ഇൻ ടെക്‌നോളജിയുടെ പ്രസിഡന്റ് ടീന ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.