glass

കിളിമാനൂർ: കാർപോർച്ചിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് അജ്ഞാതർ പൊട്ടിച്ചതായി പരാതി. പുതിയകാവ് മിനി ലാന്റിൽ മിനിയുടെ വീട്ടിലെ കാറിന്റെ ഗ്ലാസാണ് തകർത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാത്രിയിൽ ശബ്ദം കേട്ട് മിനിയും ഭർത്താവ് കിഷോറും പുറത്തിറങ്ങിയെങ്കിലും ഒന്നും കണ്ടില്ല.

പിറ്റേന്ന് രാവിലെ പത്രം എടുക്കാൻ പുറത്തിറങ്ങുമ്പോഴാണ് കാറിന്റെ ഗ്ലാസ് തകർത്ത നിലയിൽ കണ്ടത്. സമീപത്തായി ഗ്ലാസ് തകർത്ത കല്ലും കിടപ്പുണ്ടായിരുന്നു. കിളിമാനൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രദേശത്തെ തെരുവ് വിളക്കുകൾ കത്താത്തതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ല. മിനി ആർ.ആർ.വി ഗേൾസ് സ്കൂളിലെ അദ്ധ്യാപികയാണ്.