
ചിമ്പു നായകനായി എത്തുന്ന കൊറോണ കുമാർ എന്ന ചിത്രത്തിൽ സംവിധായകൻ ഷങ്കറിന്റെ മകൾ അദിതി നായിക. ഗോകുൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വെൽസ് ഫലിം ഇന്റർനാഷണലാണ്. ഗൗതം മേനോന്റെ വെന്ത് തനിന്തത് കാട് എന്ന ചിത്രം പൂർത്തിയാക്കിയശേഷം ചിമ്പു കൊറോണ കുമാറിൽ ജോയിൻ ചെയ്യും. കാർത്തിയുടെ നായികയായി വിരുമാനിൽ അഭിനയിച്ചുവരികയാണ് അദിതി. വിരുമാൻ ആണ് അദിതിയുടെ ആദ്യ ചിത്രം .സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.അതേസമയം ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട് സോണി ലൈവ് ഒ.ടി.ടി പ്ളാറ്റ് ഫോമിൽ ഇന്ന് റിലീസ് ചെയ്യും. നവംബർ 25ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന ചിത്രത്തിൽ എസ്.ജെ. സൂര്യയാണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചത്. ചിമ്പുവിന്റെ 45-ാമത്തെ സിനിമയാണ് മാനാട്. വി ഹൗസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്ന ചിത്രത്തിന് യുവൻശങ്കർ രാജയാണ് സംഗീതം. എസ്.എ. ചന്ദ്രശേഖർ, കരുണാകരൻ, വൈ.ജി. മഹേന്ദ്രൻ, വാഗൈ ചന്ദ്രശേഖർ, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.