electic-bus

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജനുവരി ഒന്നു മുതൽ 50 വീതം ഇലക്ട്രിക്, സി.എൻ.ജി ബസ് തിരുവനന്തപുരം നഗരത്തിൽ ഓടിക്കും. കൊച്ചി,​ കോഴിക്കോട് നഗരങ്ങളിൽ തുടർന്ന് നടപ്പാക്കും. പ്രധാന നഗരങ്ങളിലെല്ലാം ഇലക്ട്രിക്,​ ഹരിത ഇന്ധന ബസ് ഓടിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.

തിരുവനന്തപുരം നഗരത്തിൽ പുതുതായി തുടങ്ങിയ സർക്കുലർ സർവീസിന് ഇലക്ട്രിക്, സി.എൻ.ജി ബസ് ഉപയോഗിക്കും. 9 മീറ്റർ വീതിയുള്ള ബസാണ് വാങ്ങുന്നത്. ടെൻ‌‌‌ഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. നഗരങ്ങളിൽ ഓടിക്കുന്ന ഡീസൽ ബസുകൾ പടിപടിയായി പിൻവലിച്ച് പകരം സി.എൻ.ജിയും ഇലക്ട്രിക്കുമാക്കും.

കെ.എസ്.ആർ.ടി.സിയുടെ മൂവായിരം ബസ് സി.എൻ.ജിയിലേക്ക് മാറ്റുമെന്നത് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് പ്രഖ്യാപനമാണ്. 300 കോടി ചെലവുള്ള പദ്ധതിക്ക് നടപ്പ് സാമ്പത്തിക വർഷം 100 കോടിയാണ് അനുവദിച്ചത്.

ഹൈഡ്രജൻ ബസും വരുന്നു

ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും സിയാലിന്റെയും സഹായത്തോടെ പത്ത് ഹൈഡ്രജൻ ബസ് വാങ്ങുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നു. ഇതിനായി ബഡ്ജറ്റിൽ പത്ത് കോടി അനുവദിച്ചിരുന്നു.

ബസ് വില (ബോഡി ഉൾപ്പെടെ)​

ഡീസൽ: 33 ലക്ഷം

സി.എൻ.ജി: 35 ലക്ഷം

ഇലക്ട്രിക്: 93 ലക്ഷം

മൈലേജ്

ഡീസൽ: 4- 5 കി.മീ

സി.എൻ.ജി: 11 മീറ്റർ ബസ് : 4.5- 5.5 കി.മീ

9 മീറ്റർ ബസ്: 6- 7 കി.മീ

ഇലക്ട്രിക്: ഒറ്റ ചാർജിൽ 120 കി.മീ

മാറിയ കാലത്തിനനുസരിച്ച് ഹരിത ഇന്ധനത്തിലേക്ക് പൊതുഗതാഗതവും മാറുകയാണ്.

- ബിജു പ്രഭാകർ,​ സി.എം.ഡി,​

കെ.എസ്.ആർ.ടി.സി

.