തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിലേക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന ക്ലാസ് ആരംഭിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമകേസ് റിപ്പോർട്ട് ചെയ്യുമ്പോൾ ഇരയുടെ മൊഴി രേഖപ്പെടുത്തുന്നത് മുതൽ കുറ്റപത്രം തയ്യാറാക്കുന്നത് വരെയുള്ള വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ എടുക്കും. എല്ലാ ചൊവ്വാഴ്ചയുമാണ് പരിശീലന ക്ലാസ്. കമ്മീഷണർ ഓഫീസിലെ ഡിസ്ട്രിക്ട് ട്രെയിനിംഗ് സെന്ററിൽ ആരംഭിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ നിർവഹിച്ചു.

മൊഴിയെടുക്കുന്നത് സംബന്ധിച്ചുള്ള ക്ലാസാണ് ആദ്യ ദിവസം നടന്നത്. ഓരോ ആഴ്ചയിലും വ്യത്യസ്ത വിഷയങ്ങളും പ്രാക്ടിക്കൽ ക്ലാസുകളും നടക്കും. ഡി.സി.പി (അഡ്മിൻ ആൻഡ് ക്രൈം) ഡോ.എ.നസീം, എ.സി.പി (ഡി.സി.ആർ.ബി) ജെ.കെ.ദിനിൽ, ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ.നിർമ്മല എന്നിവർ പരിശീലന പരിപാടിയിൽ ക്ലാസുകളെടുത്തു.