
തിരുവനന്തപുരം: ക്രിസ്മസ്, ന്യൂ ഇയർ ആഘോഷ രാവിനെ വരവേൽക്കാനൊരുങ്ങി ഐസ് ആൻഡ് സ്‌നോ വേൾഡ് ശംഖുംമുഖത്ത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് ശംഖുംമുഖം സുനാമി പാർക്കിൽ ഐസ് ആൻഡ് സ്‌നോ വേൾഡ് എന്ന പേരിൽ ഒരു താത്കാലിക ഐസ് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. ഡിസംബർ 19 മുതൽ ഒരു മാസത്തേക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ കളിസ്ഥലം, ഐസ് വാക്ക്, ഇഗ്‌ളു, ആർട്ടിഫിഷ്യൽ സ്‌നോഫാൾ, ലേസർ ഡിസ്‌പ്ലേ എന്നിവയും ഐസ് ആൻഡ് സ്‌നോ വേൾഡിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഐസ് ആൻഡ് സ്നോ വേൾഡിലേക്ക് പ്രവേശിക്കുന്ന ഏതൊരാൾക്കും ശൈത്യകാലത്തിന്റെ തണുപ്പും ക്രിസ്മസിന്റെ അന്തരീക്ഷവും അനുഭവിക്കാൻ സാധിക്കുന്ന വിധമാണ് ഈ ഐസ് പാർക്ക് ക്രമീകരിച്ചിരിക്കുന്നത്.
കുട്ടികളെ മുന്നിൽക്കണ്ടാണ് ഇത്തരമൊരു ഐസ് പാർക്ക് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെ പൊതുജനത്തിന് ഐസ് ആൻഡ് സ്നോ വേൾഡിൽ പ്രവേശിക്കാം. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പ്രത്യേക നിരക്കിൽ ആഘോഷങ്ങൾക്കും ഷൂട്ടിംഗിനുമായി ഐസ് ആൻഡ് സ്‌നോ വേൾഡ് ലഭ്യമാണ്. 150 ടൺ ഐസാണ് ഐസ് ആൻഡ് സ്‌നോ വേൾഡ് ഒരുക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.