kallumala

മലയിൻകീഴ്: കടബാദ്ധ്യതയെ തുടർന്ന് ഹോളോബ്രിക്സ് കമ്പിനിയിലെ ഷെഡിൽ ജീവനൊടുക്കിയ വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർലോക്ക് കമ്പനി ഉടമ രാജിശിവന്റെ (47) മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സാങ്കേതിക സർവകലാശാലയ്ക്ക് വിട്ടു നൽകിയ ഭൂമിക്കരികിൽ സംസ്കരിച്ചു.

രാജിയുടെ മകൻ പന്ത്രണ്ട് വയസുകാരൻ ശ്രീശരൺ അലമുറയിട്ട് അമ്മയുടെ ചിതയ്ക്ക് തീ പകർ‌പ്പോൾ ഭർത്താവ് ശിവൻ ചിതയ്ക്കരികിൽ കുഴഞ്ഞുവീണു. രാജിയുടെ വേർപാട് നാടിനാകെ സങ്കടക്കടലാക്കി. 58 ലക്ഷം രൂപയുടെ കടബാദ്ധ്യതയാണ് രാജിശിവൻ സ്വന്തം സ്ഥാപനത്തിന്റെ ഷെഡിൽ തൂങ്ങിമരിക്കാൻ കാരണം.

വിളപ്പിൽശാല കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന ഡോ. എ.പി.ജെ. അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകിയവരുടെ കൂട്ടത്തിൽ രാജിയുമുണ്ടായിരുന്നു. ആകെയുള്ള 74 സെന്റ് സ്ഥലത്തിൽ 24 സെന്റ് സർവകലാശാലയ്ക്ക് 2020ൽ രാജി വിട്ടുനൽകി, പ്രമാണം കൈമാറിയെങ്കിലും രജിസ്ട്രേഷൻ നടന്നില്ല. സെന്റിന് 4.75 ലക്ഷം രൂപ സർക്കാർ വിലയായി നിശ്ചയിച്ചിരുന്നതെങ്കിലും പണം ഗവൺമെന്റിൽ നിന്ന് കിട്ടിയിരുന്നില്ല. ബാദ്ധ്യത കൂടിയതോടെ നിൽക്കക്കള്ളിയില്ലാതെയാകാം ജീവനൊടുക്കിയത്.

ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാജിയുടെ പോസ്റ്റുമോർട്ടം നടക്കവേ, സർവകലാശാലയ്ക്ക് ഭൂമി വിട്ടു നൽകിയവരുൾപ്പെടെ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിച്ചു. ഉച്ചയ്ക്ക് 12ന് മൃതദേഹം വൻജനാവലിയുടെ അകമ്പടിയോടെയാണ് കല്ലുമല നെടുങ്കുഴി കമ്പനി അങ്കണത്തിലെത്തിച്ചത്.