തിരുവനന്തപുരം: സംസ്ഥാന സർക്കാരും പി.എൻ. പണിക്കർ ഫൗണ്ടേഷനും സംയുക്തമായി പൂജപ്പുര വിദ്യാരംഭ മണ്ഡപത്തിന് സമീപമുള്ള പാർക്കിൽ സ്ഥാപിച്ച പി.എൻ. പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ നാളെ രാവിലെ 11.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്യും. പൂജപ്പുര മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിൽ ചേരുന്ന യോഗം രാഷ്ട്രപതി ഉദ്ഘാടന ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, പ്രൊഫ. പി.ജെ. കുര്യൻ, പന്ന്യൻ രവീന്ദ്രൻ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കും.