p

തിരുവനന്തപുരം: അടയ്ക്ക വ്യാപാരവുമായി ബന്ധപ്പെട്ട് ‌നടത്തിയ 500 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ജി.എസ്.ടി. വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു. മലപ്പുറം അയിലക്കാട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.

വ്യാജബില്ലുകളുണ്ടാക്കി ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ ബിനാമി പേരുകളിൽ ജി.എസ്.ടി രജിസ്‌ട്രേഷൻ എടുത്ത് പാലക്കാട്, മലപ്പുറം, കാസർകോട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് നികുതി വെട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.

എറണാകുളം ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ ജോൺസൻ ചാക്കോ, തൃശൂർ (ഐ.ബി ) വിഭാഗം ഇന്റലിജൻസ് ഓഫീസർ ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാന ചരക്ക് സേവന നികുതി നിയമം സെക്ഷൻ 69 പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ ഫ്രാൻസിസ് , ഗോപൻ, ഉല്ലാസ് ,അഞ്ജന, ഷീല, ഷക്കീല, മെറീന എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.