തിരുവനന്തപുരം പതിനാറുകാരിയെ പീഡിപ്പിച്ച 32 കാരനായ പ്രതി സുനിൽ അൽഫോൻസിന് കോടതി 30 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. ജയകൃഷ്ണനാണ് ശിക്ഷിച്ചത്.

2014 ഫെബ്രുവരി ആറിനാണ് കേസിന് ആസ്പദമായ സംഭവം. പനി ബാധിച്ച പെൺകുട്ടി വലിയതുറ ആശുപത്രിയിൽ എത്തിയിരുന്നു. അവിടെ സഹപാഠിയായ പെൺകുട്ടിയുടെ സഹോദരനായ 16 കാരനെ കണ്ടു. സഹോദരി അന്വേഷിച്ചു എന്നുപറഞ്ഞ് ആൺകുട്ടി ഇരയായ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. വീടിനകത്ത് കടന്ന പെൺകുട്ടിയെ 16 കാരൻ കടന്ന് പിടിച്ചു. ബഹളം വച്ച പെൺകുട്ടിയുടെ വായിൽ, മുറിയിൽ ഒളിച്ചിരുന്ന സുനിൽ അൽഫോൻസ് തുണി തിരുകിക്കയറ്റി. പിന്നീട് 16 കാരനും സുനിലും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസിയായ സ്ത്രീ വന്ന് കതകിൽ മുട്ടിയപ്പോൾ സുനിൽ ഇറങ്ങി ഒാടി.

വിചാരണയിൽ ഈ സ്ത്രീ കൂറ് മാറിയെങ്കിലും കോടതി പ്രതിയെ ശിക്ഷിച്ചു. 16 കാരന്റെ വിചാരണ ജുവനെെൽ കോടതിയിൽ നടക്കുകയാണ്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി.